മലയാളികള്‍ക്ക് അഭിമാനനിമിഷം… സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍!

0

മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനനിമിഷം സമ്മാനിച്ചുകൊണ്ട്, സഞ്ജു വി സാംസണിന്‍റെ ഓണസമ്മാനം.. ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് ടീമില്‍ സഞ്ജുവും ഇടം നേടി..

പങ്കെടുത്ത എല്ലാ ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിലെ പ്രതിഭയെ കണ്ടില്ലെന്നു നടിക്കാന്‍ സെലക്റ്റര്‍മാര്‍ക്കാവില്ലായിരുന്നു!  ഐ പി എല്ലില്‍,  രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച്, സഞ്ജു വി സാംസന്‍ എന്ന കൊച്ചുപയ്യന്‍, ക്രിക്കറ്റിലെക്കുള്ള തന്റെ വരവ് അറിയിക്കുകയായിരുന്നു. പിന്നീട്, ചാമ്പ്യന്‍സ് ലീഗിലും, അണ്ടര്‍-19 ലോകകപ്പിലും തന്നിലെ പ്രതിഭയുടെ മികവും ക്ലാസ്സും പുറത്തെടുത്ത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി. മാര്‍ച്ചില്‍ നടന്ന 20-20 ലോകകപ്പില്‍ സാധ്യതാലിസ്റ്റില്‍ പേര് വന്നെകിലും അവസാന ലിസ്റ്റില്‍ ഇടം നേടാനായില്ല. പിന്നെ ബംഗ്ലാദേശ് പര്യടനത്തില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും,  അണ്ടര്‍ -23 ടീമിലേക്കാണ് അപ്പോള്‍ സെലക്ഷന്‍ കിട്ടിയത്. ഇപ്പോളിതാ, മലയാളക്കരയുടെ അഭിമാനഭാജനമായി,  ഈ വിഴിഞ്ഞം കാരന്‍ ഇന്ത്യയുടെ കുപ്പായമണിയാന്‍ പോകുന്നു.

ഇന്ത്യന്‍ ടീമില്‍ സെലെക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും, തന്റെ കഠിനാധ്വാനവും ആരാധകരുടെ പ്രാര്‍ഥനകളും ഫലം കണ്ടുവെന്നും സഞ്ജു പ്രതികരിച്ചു.