കാര്‍ഡിലെ പരസ്യം കണ്ട് മസാജിന് പോയ പ്രവാസിക്ക് കിട്ടിയത് എട്ടിന്‍റെ പണി

1

ബിസിനസ് കാര്‍ഡിലെ പരസ്യം കണ്ട് ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നേപ്പാളി പൗരന്‍ മസാജിനായി ചെന്നപ്പോൾ മസാജിനു പകരം കിട്ടിയത് നല്ല ഉഗ്രൻ പണി. കാര്‍ഡിലെ പരസ്യം കണ്ട് മസാജിന് പോയ പ്രവാസിയെ കെട്ടിയിട്ട് നാലു സ്ത്രീകൾ ചേർന്ന് 60,000 ദിര്‍ഹം കവര്‍ന്നു. മസാജിനെന്ന പേരില്‍ പ്രവാസിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണം കവര്‍ന്ന കേസില്‍ നാല് സ്ത്രീകള്‍ക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. അന്യായമായി തടങ്കലില്‍ വെയ്ക്കുക, ഭീഷണിപ്പെടുത്തുക, ശാരീരിക പീഡനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. 28നും 33നും ഇടയില്‍ പ്രയമുള്ള പ്രതികൾ നൈജീരിയന്‍ പൗരത്വമുള്ളവരാണ്.
റോഡില്‍ വെച്ച് കിട്ടിയ ബിസിനസ് കാര്‍ഡിലാണ് മസാജ് സെന്‍ററിന്‍റെ ഫോണ്‍ നമ്പര്‍ നേപ്പാള്‍ പൗരന് ലഭിച്ചത്. നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെട്ട ഇയാളോട് ഫ്ലാറ്റില്‍ വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് കെണിയില്‍ അകപ്പെട്ടുവെന്ന് ഇയാള്‍ക്ക് മനസിലായത്. നാല് സ്ത്രീകള്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു. ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 60,300 ദിര്‍ഹവും കൈക്കലാക്കി. പേഴ്സില്‍ 300 ദിര്‍ഹവും പോക്കറ്റില്‍ 60,000 ദിര്‍ഹവുമായിരുന്നു ഉണ്ടായിരുന്നത്. ഫ്ളാറ്റിൽനിന്നും രക്ഷപ്പെട്ട ഇയാൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.എന്നാൽ പോലീസ് എത്തും മുൻപ് പ്രതികൾ രക്ഷപെടുകയും, പിന്നീട് ഇവരെ പിടി കൂടുകയുമാണ് ചെയ്തത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഇവർ മുൻപും ചെയ്തതായി പൊലീസ് കണ്ടെത്തി. ശിക്ഷ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തും.