യഷ് ചോപ്ര അന്തരിച്ചു

0

ഇന്ത്യന്‍ സിനിമയുടെ അതികായനും, നിരവധി ഹിറ്റ്‌ സിനിമകളുടെ സംവിധായകനുമായ യഷ് ചോപ്ര അന്തരിച്ചു. ഇന്ത്യന്‍ സിനിമയില്‍ റൊമാന്‍സിനു പുതിയ മാനം സൃഷ്ടിച്ച, ബോളിവുഡിനെ പ്രണയിപ്പിച്ച, ‘കിംഗ്‌ ഓഫ് റൊമാന്‍സ്’ എന്നറിയപ്പെട്ടിരുന്ന യഷ് ചോപ്ര ഇനി ഓര്‍മ്മകളില്‍. അദ്ദേഹം ഡെങ്കിപ്പനിയെ തുടര്‍ന്നു സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവസാനമായി സംവിധാനം ചെയ്ത ‘ജബ് തക് ഹേ ജാന്‍’ നവംബര്‍ 13നു റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

‘ജബ് തക് ഹേ ജാന്‍’ തന്‍റെ കരിയറിലെ അവസാന ചിത്രമാണെന്ന് യഷ് ചോപ്ര കഴിഞ്ഞ മാസം നടത്തിയ തന്‍റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ പ്രഖ്യാപിച്ചിരുന്നു.

അറുപതു വര്‍ഷത്തിലേറെ ബോളിവുഡിന്‍റെ ഗതിവിഗതികളെ സ്വാധീനിച്ച വ്യക്തിപ്രഭാവമായിരുന്നു യഷ് ചോപ്ര.

അമിതാബ് ബച്ചനെയും ഷാരൂഖ്‌ ഖാനെയും സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തിയത് യഷ് ചോപ്രയുടെ സിനിമകളാണ്. ദീവാര്‍, ‘കഭീ കഭീ’, എന്നീ സിനിമകളിലൂടെ അമിതാഭ് ബച്ചനും,  ‘ദില്‍ വാലേ ദുല്‍ഹനിയാ ലേ ജായേംഗെ’ എന്ന ചിത്രത്തിലൂടെ  ഷാരൂഖ്‌ ഖാനും, സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയരുകയായിരുന്നു.

നിരവധി ദേശീയ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും ലഭിച്ച യഷ് ചോപ്രയ്ക്ക്, പത്മഭൂഷനും, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

പമേല സിംഗ് ആണ് ഭാര്യ. സംവിധായകന്‍ ആയ ആദിത്യ ചോപ്ര, ഉദയ്‌ ചോപ്ര എന്നിവരാണ് മക്കള്‍.

പ്രണയത്തിനെ മനോഹരമായി അഭ്രപാളികളിലെത്തിച്ചപ്പോള്‍ യഷ് ചോപ്ര സിനിമകള്‍ ഭാഷക്കും സംസ്കാരത്തിനും അതീതമാകുകയായിരുന്നു. തന്‍റെ അവസാന ചിത്രമായ ‘ജബ് തക് ഹേ ജാന്‍’ ലും പ്രണയകഥയാണ് യഷ് ചോപ്ര പ്രേക്ഷകര്‍ക്കായി ഒരുക്കിയുരിക്കുന്നത്

‘ജബ് തക് ഹേ ജാന്‍’ ന്‍റെ ട്രെയിലര്‍

Nahi Bhulunga mei, Jab Tak Hai Jan.. Jab Tak Hai Jan..