ഐഎസ് ബന്ധം: അലിഗഢ് സർവകലാശാലാ വിദ്യാർഥികൾ അറസ്റ്റിൽ

0

ലക്നൗ: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ആറു യുവാക്കളെ അറസ്റ്റ് ചെയ്തു. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഒഫ് അലിഗഡ് യൂണിവേഴ്സിറ്റി (എസ്എഎംയു) പ്രവർത്തകരാണ് ആറു പേരും.

അറസ്റ്റിലായ നാലു പേരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. റക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമൻ, മുഹമ്മദ് നസിം എന്നിവരാണ് അവർ. രാജ്യത്ത് വലിയ തോതിലുള്ള ഭീകരാക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായി യുപി എടിഎസ്.

എസ്എഎംയു യോഗങ്ങൾ ഐഎസ് റിക്രൂട്ട്മെന്‍റിനുള്ള പുതിയ വേദിയായി മാറിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പൂനെ ഐഎസ് മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിസ്‌വാനെയും ഷാനവാസിനെയും ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തപ്പോഴാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ നിരവധി വിദ്യാർഥികൾ സമൂഹമാധ്യമത്തിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഐഎസിന്‍റെ ഇന്ത്യ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും അറിവായതെന്നും യുപി എടിഎസ്.