സിംഗപ്പൂരില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

0

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27,28 തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആചരിക്കുന്നു.ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് അഭി.ഡോ .മാത്യൂസ്‌ മോര്‍ അന്തീമോസ്‌ ( മൂവാറ്റുപുഴ -ഇടുക്കി  ഭദ്രാസനം ) മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.ഒക്ടോബര്‍ 27-നു അന്തീമോസ്‌ തിരുമേനിക്ക് പള്ളിയങ്കണത്തില്‍ സ്വീകരണം നല്‍കുകയും തുടര്‍ന്ന് കൊടികയറ്റ്‌ നടത്തപ്പെടുകയും ചെയ്യും.അന്നേദിവസം 6.30-നു സന്ധ്യാ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

പെരുന്നാള്‍ ദിവസമായ ഞായറാഴ്ച രാവിലെ പ്രഭാതപ്രാര്‍ഥനയും തുടര്‍ന്ന് 8,45-നു അഭി.ഡോ .മാത്യൂസ്‌ മോര്‍ അന്തീമോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാന നടത്തപ്പെടുന്നു.കുര്‍ബാനയ്ക്ക് ശേഷം പെരുന്നാള്‍ തിരുമേനി പെരുന്നാള്‍ സന്ദേശം നല്‍കും .തുടര്‍ന്ന് ഇടവകയിലെ യൂത്ത്‌ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സെന്‍റ്.അപ്രേം ലിറ്റര്‍ജിക്കല്‍ സ്കൂളിന്റെ ഉത്ഘാടനം നടക്കും.പെരുന്നാളില്‍ പങ്കു ചേരുന്ന എല്ലാവര്ക്കും തമുക്ക്  നേര്‍ച്ച ക്രമീകരിച്ചിട്ടുണ്ട്.

പരിശുദ്ധിയുടെ പരിമളം പരത്തിയ  പ്രഖ്യാപിത പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സിംഗപ്പൂരിലെ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.(പെരുന്നാള്‍ നോട്ടീസ് ചുവടെ ചേര്‍ത്തിരിക്കുന്നു )

പരുമല തിരുമേനിയെക്കുറിച്ച് :

 

കേവലം ഒമ്പതാം വയസില്‍ ശെമ്മാശനും, പതിനേഴാം വയസില്‍ കശീശയും താമസിയാതെ കോര്‍എപ്പിസ്‌കോപ്പ പട്ടവും 24-ാം വയസില്‍ പൂര്‍ണ്ണസന്യാസത്വത്തിന്റെ റബത്ത്വസ്‌ഥാനവും 29-ാം വയസില്‍ മെത്രാപ്പോലീത്തയുമായി കാല്‍നൂറ്റാണ്ട്‌ മലങ്കരയുടെ ആത്മീയ സഭാ മണ്ഡലത്തെ തന്റെ കാര്‍മിക ജീവിതത്താല്‍ പ്രകാശിപ്പിച്ചതിനുശേഷം കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി മലങ്കരസഭയുടെ ആത്മീയ ഗോപുരമായി പരിലസിക്കുന്ന പരി. പരുമല തിരുമേനിയുടെ നൂറ്റിപ്പത്താം ഓര്‍മ്മപ്പെരുന്നാള്‍ ലോകമെമ്പാടും ഉള്ള വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വം ആചരിക്കുന്നു .. 
 
1848 ജൂണ്‍ 15-ന്‌ ജതിക്കയും 1858-ല്‍ കോമയോയായും (ശെമ്മാശപട്ടം) 1861-ല്‍ വൈദീകപട്ടവും, 1872ല്‍ റമ്പാനായി വാഴിക്കുകയും ചെയ്‌തു. വെട്ടിക്കല്‍ ദയറായിലെ ജീവിതം ചാത്തുരുത്തില്‍ റമ്പാനെ ഒരു യഥാര്‍ത്ഥ ഭക്‌തനും ഏലായവേപ്പോലെയും യോഹന്നാനെപ്പോലെയുമുള്ള ഒരു യോഗീശ്വരനും ഏലീശായെപ്പോലെയുള്ള ഒരു ദൈവ പരുഷനും, അന്തോണിയോസിനെപ്പോലെയുള്ള ഒരു ദയറാക്കാരനും, പുണ്യാത്മാവുമായി രൂപാന്തരപ്പെടുത്തി. 1876 ഡിസംബര്‍ പത്തിന്‌ പറവൂര്‍ പള്ളിയില്‍ വെച്ച്‌ 29-ാമത്തെ വയസില്‍ അന്നത്തെ പാത്രിയര്‍ക്കീസ്‌ ബാവയായിരുന്ന മോറാന്‍മോര്‍ പത്രോസ്‌ പാത്രിയര്‍ക്കീസ്‌, ഗീവര്‍ഗീസ്‌ റമ്പാനെ മാര്‍ ഗ്രിഗോറിയോസ്‌ എന്ന നാമത്തില്‍ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്‌തു. നിരണം, കൊല്ലം, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ ചുമതലയേറ്റ്‌ പില്‍ക്കാലത്ത്‌ കൊച്ചുതിരുമേനി എന്ന്‌ അറിയപ്പെട്ടു. 
 
ത്രിഗുണസമ്പന്നനായിരുന്നു അദ്ദേഹം. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവന നിസ്‌തുലമായിരുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുന്നില്‍ക്കണ്ട്‌ അദ്ദേഹം മൂന്ന്‌ ഇംഗ്ലീഷ്‌ സ്‌കൂളുകള്‍ സ്‌ഥാപിച്ചു. കൂടാതെ പള്ളികള്‍, സ്‌കൂളുകളുടെ നിര്‍മ്മാണം, അനാഥാലയങ്ങളുടെ നിര്‍മ്മാണം, താഴെക്കിടയില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം. 
 
ഒ. ചന്തുമേനോന്റേയും, കേരള വര്‍മ്മ വലിയകോയി തമ്പുരാന്റേയും സമകാലീനനായിരുന്ന തിരുമേനി കേരള ചരിത്രത്തിന്റെ നവോത്ഥാനത്തിന്റെ ഭാഗമായ സാഹിത്യ സംസ്‌കാരത്തില്‍ പങ്കെടുത്ത പണ്ഡിതന്മാരുടെ പട്ടികയില്‍ വിസ്‌മരിക്കാന്‍ പാടില്ലാത്ത വ്യത്തിയായിരുന്നു. തിരുമേനി എഴുതിയ ഊര്‍ശേം യാത്രാവിവരണം മലയാളത്തിലെ മൂന്നാമത്തെ യാത്രാവിവരണവും, ഒന്നാമത്തെ വര്‍ത്മാന പുസ്‌തകം എന്ന നിലയിലും പ്രശംസയര്‍ഹിക്കുന്നു. തന്റെ അന്ത്യം മുന്‍കൂട്ടി കണ്ട പരിശുദ്ധ പിതാവ്‌ 1902 നവംബര്‍ രണ്ടാം തീയതി ദൈവസന്നിധിയിലേക്ക്‌ എടുക്കപ്പെട്ടു. 
 
എന്ത്‌ കഷ്‌ടത സഹിച്ചാലും സത്യവിശ്വാസത്തെ മുറുകെ പിടിക്കും എന്ന്‌ സൂചിപ്പിക്കുന്ന ദൃഢസുസ്‌ഥിരമായ അധരോഷ്‌ഠങ്ങളും, ഭരണതന്ത്രജ്‌ഞന്റെ നാസികയും, ദിവ്യശക്‌തിയുള്ള നേത്രങ്ങളും, അഗാധ ബുദ്ധിമാനാണെന്ന്‌ ഒറ്റനോട്ടത്തില്‍ വിളിച്ചുപറയുന്ന വിസ്‌തൃതമായ നെറ്റിത്തടവും, വെഞ്ചാമര സമാനമായ താടിയും, കമനീയമായ മുഖവും, ഉപവാസത്താല്‍ ക്ഷീണിച്ചുള്ള കൃശഗാത്രവുമായിരുന്ന ആ ദിവ്യതേജസ്‌ ഭക്‌തജനങ്ങളുടെ ആശ്വാസമാണ്‌ എല്ലാക്കാലത്തും.