ത്യാഗോജ്ജ്വല സ്മരണകളുമായി ബലിപെരുന്നാള്‍

0

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സ്മരണകളുണര്‍ത്തി വീണ്ടും ബലിപെരുന്നാള്‍ ആഗതമായി. ഇസ്ലാമിക കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹിജ്ജയില്‍ ആണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും മൈത്രിയുടെയും സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം മതം നല്‍കുന്ന വിശുദ്ധ സന്ദേശം. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചവരെ തന്‍റെ  ജീവിതചര്യകള്‍ക്കൊണ്ട് ആകൃഷ്ടരാക്കി ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിക്കുകയാണ് നബിതിരുമേനി ചെയ്തത്

മഹാനായ ഇബ്രാഹീം നബി (അലൈഹിസ്സലാം) യുടെ ജീവിതത്തിലെ ഒരു പരീക്ഷണത്തിന്‍റെ സ്മരണക്കായിട്ടാണ് പിന്നീട് ബക്രീദ് എന്ന് പ്രസിദ്ധമായ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു പോരുന്നത്. ഐതിഹാസികമായ ചരിത്രസംഭവങ്ങളുടെ നിതാന്ത സ്മരണകളാണ് ഇതിലൂടെ നാം അയവിറക്കുന്നത്  ഏകനായ പുത്രനോടുളള അതിരറ്റ സ്നേഹം ദൈവസമര്‍പ്പണത്തേക്കാള്‍ വലുതല്ല എന്ന് തെളിയിച്ച ഇബ്രാഹിം നബി നിസ്തുല സ്നേഹത്തിന്‍റേയും അനുസരണയുടേയും ഉദാത്തമായ മാതൃകയാണ്.

അനശ്വരമായ ഈ ബലിയുടെ സ്മരണ നിലനിര്‍ത്തുവാന്‍ ലോകമെ മ്പാടുമുള്ള മുസ്ലിംകള്‍ ബലിപ്പെരുന്നാളായി – ബക്രീദ് ആഘോഷിക്കുന്നു. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ്.

ഏകദേശം നാലായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് അല്ലാഹുവിന്‍റെ ഉറ്റ മിത്രമായ ഇബ്രാഹിം നബി (അലൈഹിസ്സലാം)യോട് അല്ലാഹുവിന്‍റെ നിര്‍ദ്ദേശം നല്‍കി; ഓമനപുത്രന്‍ ഇസ്മാഈല്‍ നബി (അലൈഹിസ്സലാം)യെ അറുക്കണം. നിര്‍ദേശം നടപ്പാക്കുന്നതിനെക്കുറിച്ച് മഹാന് യാതൊരു ചാഞ്ചല്യവും ഉണ്ടായില്ല. മകനെയും കൂട്ടി മിനാ താഴ്വാരയിലേക്ക് നീങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴേക്കും അല്ലാഹുവിന്റെ നിര്‍ദ്ദേശം വന്നു; ‘ഇബ്രാഹിം(അലൈഹിസ്സലാം)  താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ഇനി മകനെ അറുക്കുന്നതിനു പകരം ആടിനെ അറുക്കുക’. ഇബ്രാഹീമി (അലൈഹിസ്സലാം) ന്‍റെ ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ സ്വര്‍ഗത്തില്‍നിന്ന്  ഒരു ആടിനെയുമായി ജിബ്രീല്‍ (അലൈഹിസ്സലാം) മിനാ താഴ്വരയിലെത്തി. അങ്ങനെ ആ മഹാനായ വ്യക്തി,  മകനുപകരം ആടിനെ അറുത്തു. അല്ലാഹുവിന്‍റെ ഉറ്റമിത്രമെന്ന പദവി അരക്കിട്ടുറപ്പിച്ചു. ഇതൊരു മാതൃകാ പ്രവര്‍ത്തനമാണ്. ഇതിന്‍റെ അലയടി അന്ത്യനാള്‍ വരെ ഭൂമുഖത്തുണ്ടാകണമെന്നത് അല്ലാഹുവിന്‍റെ തീരുമാനമാണ്. അങ്ങനെ ഇസ്മായീലി (അലൈഹിസ്സലാം)നു പകരമായി ഇബ്‌റാഹീം(അലൈഹിസ്സലാം) ആടിനെ ബലി നല്‍കി. ഈ സംഭത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് വിശ്വാസികള്‍ ഈ സുദിനത്തില്‍ ബലികര്‍മം നീര്‍വഹിക്കുന്നത്  ഇബ്രാഹിം നബി(അലൈഹിസ്സലാം) മാതൃകാ പുരുഷനാണ്. അവര്‍ കാണിച്ച മാതൃകാ പ്രവര്‍ത്തനം എക്കാലത്തും അനുസ്മരിക്കപ്പെടുന്നു.

ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദരാകാതെ ഈശ്വര നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും ത്യജിക്കാന്‍ മനുഷ്യന്‍ ആജ്ഞാപിക്കപ്പെട്ടു. ആ ആജ്ഞാപനാനുസരണത്തിന്‍റെ ആള്‍രൂപമായി  ഇബ്രാഹീം (അലൈഹിസ്സലാം) ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു ജീവിത പാതയിലെ മുള്‍കിരീടങ്ങള്‍, അഗ്നികുണ്ഡം, ശക്തമായ പരീക്ഷണങ്ങള്‍ ഇവയെല്ലാം ഇബ്രാഹീം(അലൈഹിസ്സലാം) മനോദാര്‍ഢ്യത്തോടെ നേരിട്ടു. ഭൗതിക ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ ദൈവശാസനക്കും നീതിക്കും മുമ്പില്‍, ഭൗതികപ്രമത്തതക്കു വശംവദരാവാതെ ഈ ലോകത്തും മരണ ശേഷമുള്ള ജീവിതത്തിലും വിജയം വരിക്കണമെന്നും ലോകത്തുള്ള ജനസമൂഹത്തിന് മുഴുവന്‍ ഇബ്രാഹീം(അലൈഹിസ്സലാം) മാതൃകയും നേതാവുമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

"ഇബ്രാഹീം (അലൈ ഹിസ്സലാം)നെ തന്‍റെ നാഥന്‍ ചില കാര്യങ്ങളില്‍ പരീക്ഷിച്ച സന്ദര്‍ഭം ഓര്‍ക്കുക. അദ്ദേഹം അത് പൂര്‍ത്തിയാക്കി. അല്ലാഹു പ്രഖ്യാപിച്ചു. ഞാന്‍ താങ്കളെ ജനങ്ങള്‍ക്കു ഇമാമാക്കിയിരിക്കുന്നു. ഇബ്രാഹിം (അലൈഹിസ്സലാം) പറഞ്ഞു എന്‍റെ സന്താനങ്ങളില്‍നിന്നും നീ ജനങ്ങള്‍ക്ക് ഇമാമാക്കേണമേ. അല്ലാഹു പറഞ്ഞു. എന്‍റെ കരാര്‍ അക്രമികള്‍ക്കു ലഭിക്കില്ല” (അധ്യായം:അല്‍ബഖറ)

സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ ഓര്‍മകളില്‍ നിന്നും പാഠങ്ങള്‍ സ്വീകരിക്കുകയാണ് ബലിപെരുന്നാളിലൂടെ നാം ചെയ്യുന്നത്. ത്യാഗത്തിന്‍റെ തീച്ചൂളയില്‍ കാച്ചിയെടുത്ത ഈമാനികാവേശത്തോടെ ഇന്നലെകളുടെ കനല്‍പഥങ്ങളിലൂടെ നടന്നുപോയ ഒരു കുടുംബത്തിന്‍റെ ഐതിഹാസികമായ ചെയ്തികളുടെ പുനപ്രകാശനമാണിവിടെ ഇത്.  കഥ കഥനത്തിലും ചരിത്ര ചിത്രണത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വരികള്‍ക്കിടയിലൂടെ വായിക്കുക വഴി ആത്മാവിന്‍റെ തീരങ്ങളില്‍ കോറിയിടപ്പെടേണ്ടതാണ്.

ചരിത്രങ്ങള്‍ കാലത്തിന്‍റെ കേവലം പ്രതികരണങ്ങളല്ല, മറിച്ച് വരും കാലത്തിന്‍റെ മാര്‍ഗ്ഗദര്‍ശനവും കെടാവിളക്കുമാണ്, ത്യാഗനിര്‍ഭരമായ മഹദ്‌ ജീവിതങ്ങളുടെ പുനര്‍വായനയാണ് പെരുന്നാള്‍. അര്‍പ്പണ ബോധത്തിന്‍റെയും ത്യാഗസന്നദ്ധതയുടെയും വിജയാരവങ്ങളാണ് പെരുന്നാള്‍, ദിനരാത്രങ്ങളില്‍ തക്ബീറിന്‍റെ അമരധ്വനികളായി അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്; "അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ളാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്"

ത്യാഗവും സമര്‍പ്പണവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ബലി-പെരുന്നാള്‍ ദിനം ഉപകരിക്കട്ടെ എന്ന് ആശിക്കുന്നു.
മഹത്തായ ഈ ത്യാഗ സ്മരണകള്‍ അയവിറക്കുന്ന അസുലഭ മുഹൂര്‍ത്തത്തില്‍ ലോകത്തിനു മുഴുവനും പ്രവാസി എക്സ്പ്രസിന്‍റെ ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ ഊഷ്മളമായ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു.