വ്രത ശുദ്ധിയുടെ മണ്ഡലക്കാലം വരവായി.

0

തുലാ മഴ മാറാത്ത മലയാളമണ്ണില്‍ കോട മഞ്ഞിന്റെ കുളിര് കോരിയിട്ട് ഇന്ന് വൃശ്ചികം പിറന്നു. ഡിസംബറിലെ കുളിരിന്റെ നനുത്ത ഓര്‍മകളെ തൊട്ടുണര്‍ത്തി പുണ്യദര്‍ശനത്തിന്റെ ശരണ മന്ത്രങ്ങള്‍ പ്രകൃതിയെ മുഖരിതമാക്കുന്ന  വൃശ്ചിക പുലരികള്‍ ഓരോ മനുഷ്യ ജന്മത്തിനും നല്‍കുന്ന ഊര്‍ജ്ജം നാടെങ്ങും നിറയും. നാല്‍പ്പത്തി ഒന്ന് ദിവസത്തെ മണ്ഡല കാല വ്രത ആരംഭം വൃശ്ചികം ഒന്നായ നവംബര്‍ 16 നു തുടങ്ങും. പിന്നെ നാടും നഗരവും നടവഴികളും നാട്ടുവഴികളും കറുപ്പ് ഉടുത്ത അയ്യപ്പ ഭക്തരാല്‍ നിറയും.  നാല്‍പ്പത്തി ഒന്ന് ദിവസവും അയ്യപ്പന്‍റെ സന്നിധാനം ഭക്തെര്‍ക്കായി തുറന്നിരിക്കും. നവംബര്‍ പതിനാറു മുതല്‍ ഡിസംബര്‍ പതിനഞ്ചു വരെയാണ് ഈ വര്‍ഷത്തെ മണ്ഡലക്കാലം.

പൊന്നമ്പല മേട്ടിലെ സര്‍വൈശ്വര്യ ദായകനായ അയ്യനയ്യപ്പന്റെ പതിനെട്ടാം പടി ചവിട്ടി പുണ്യദര്‍ശനം നേടാന്‍ കോടിജനം കല്ലും മുള്ളും താണ്ടി മല കയറും. ദേശത്തും വിദേശത്തും നിന്നും എത്തുന്ന ഭക്തെര്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു. കാലം തെറ്റി പെയ്യുന്ന മഴ ഒരു വലിയ പ്രയാസമാണെങ്കിലും, കഴിഞ്ഞ വര്ഷം മഴയെ അവഗണിച്ച് നീണ്ട മണിക്കൂറുകള്‍ അയ്യപ്പന്‍മാര്‍ ക്യു നിന്ന് ദര്‍ശനം നടത്തിയിരുന്നു.  

ഒന്നാം തീയതി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ മാലയിടുന്നതും വിശിഷ്ട മായി കരുതുന്നു. കൂടാതെ എതു അമ്പലത്തിലും മാലയിട്ട് വ്രതം തുടങ്ങാം. മത്സ്യ- മാസം ഉപേക്ഷിച്ചും, കറുപ്പ് ഉടുത്തും, നിത്യേനെ ക്ഷേത്രത്തില്‍ പോയും ലൌകിക ജീവിതം മാറ്റി വച്ചുമാണ് വ്രതം നോല്‍ക്കുന്നത്.

ഹിന്ദു-മുസ്ലിം മത മൈത്രിയുടെ മൂര്‍ത്തി രൂപമാണ് ശബരിമല. വാവര് സ്വാമിയുടെ പള്ളിയുള്ള അമ്പല നട കൂടിയാണിത്. ഇവിടെ പൂജക്കായി മുസ്ലിം മത പണ്ഡിതന്മാരും ഉണ്ട്. ഇവിടുത്തെ ഭസ്മവും കുരുമുളകും എല്ലാ ഹിന്ദു ഭക്തരും വാങ്ങി സൂഷിക്കുന്നു. എരുമേലി പള്ളിയിലെ പേട്ട തുള്ളല്‍ മണ്ഡല കാല ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ്. അമ്പലപ്പുഴ- ആലങ്ങാട്ട് കാരുടെ പേട്ട തുള്ളലില്‍ ആചാരം അര്‍പ്പിക്കാന്‍ വാവര് സ്വാമിയുടെ പിന്മുറക്കാര്‍ എത്തി അവരെ പള്ളിയിലേക്ക് സ്വീകരിക്കും. അയ്യപ്പ സ്വാമി മഹിഷിയെ കൊന്നതിന്റെ കഥയുമായും പെട്ട തുള്ളല്‍ ബന്ധപെട്ടിരുക്കുന്നു. നിറം പൂശി, ഇലച്ചാര്‍ത്ത് കെട്ടി “അയ്യപ്പ തിന്തക തോം സ്വാമി തിന്തകതോം “ പാടിയാടി സ്വാമിമാര്‍ സ്വയം മറക്കും. കന്നീ അയ്യപ്പന്മാര്‍ കൈയില്‍ അമ്പുമായി പേട്ട തുള്ളും.

ചെങ്ങന്നൂര്‍ അമ്പലം, ആറന്മുള അമ്പലം തുടങ്ങി തൊഴുതു തുടരുന്ന ശബരി യാത്ര, പമ്പാ സ്നാനം കഴിഞ്ഞു പമ്പാ ഗണപതി യുടെ മുന്നില്‍ ആരതി തൊഴുത്, കാനന പാതയിലൂടെ പൊന്നമ്പല മേട്ടിലേക്ക് നീണ്ട, ജന നിരയായി തുടരുന്നു.

കറുത്ത ഇരു മുടി നിറച്ചു ഒറ്റക്കും കൂട്ടമായും അയ്യപ്പന്മാര്‍ എത്തുമ്പോള്‍, കന്നി അയ്യപ്പന്‍മാര്‍ ചുമന്ന കെട്ടുമായി മലകയറും. പിന്നെ ശരം കുത്തിയും, കല്ലിടാം കുന്നും, ഭസ്മക്കുളവും, അപ്പാച്ചി മേടും, പുണ്യമായി എല്ലാവരിലും നിറയും. മാളികപുറത്ത് അമ്മയുടെ മുന്നില്‍ തേങ്ങാ ഉരുട്ടി ആഗ്രഹ പൂര്‍ത്തി നേടുന്ന കാഴ്ച്ചതന്നെ പുണ്യമാണ്.

മലനാടും ഇടനാടും നിരയുയുന്ന പത്തനംതിട്ട ഈ വിശുദ്ധി നാളുകളില്‍ ജന സഞ്ജയമാകും . കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, അടൂര്‍, കൊട്ടാരക്കര, കൊല്ലം, തുടങ്ങിയ സ്ഥലങ്ങളും അയ്യപ്പന്മാരെ സ്വീകരിക്കാന്‍ ഒരുങ്ങി. ചെങ്ങന്നൂര്‍ റെയില്‍വേ, കെ എസ് ആര്‍ ടി സി, സ്റ്റേഷനുകളില്‍ പ്രത്യേക ഒരുക്കങ്ങള്‍  ഉണ്ട്.
ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുക തമിഴ്നാട്‌, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്. കൂടാതെ ഡല്‍ഹി,മുംബൈ എന്നിവിടങ്ങളില്‍ നിന്നും.

നെയ്യ് മണക്കുന്ന വീഥികളില്‍ ഭസ്മ കാറ്റ് വീശുന്ന നേരങ്ങളില്‍ ശരണ മന്ത്രം ഉരുവിടുന്ന വൃശ്ചിക പുലരികളില്‍ ഉണരുമ്പോള്‍ വ്രത ശുദ്ധിയുടെയും മതേതരത്തിന്റെയും നല്ല ദിനകള്‍ പ്രതീഷിക്കാം .