അസഹിഷ്ണുതയ്ക്കെതിരായ സമരങ്ങളെ മതങ്ങളുടെ തൊഴുത്തില്‍ കെട്ടരുത്.

0

വിലക്കയറ്റത്തെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ അല്ല അസഹിഷ്ണുതയെക്കുറിച്ചുള്ളതാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്ന ചര്‍ച്ചകള്‍. മുമ്പൊന്നുമുണ്ടാകാത്തവിധം അസഹിഷ്ണുത എന്തുകൊണ്ട് ഒരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വിഷയമായി തീരുന്നു എന്നത് വളരെ ആഴത്തില്‍ ആലോചിക്കേണ്ടിയിരിക്കുന്നു.  തീര്‍ച്ചയായും വിലക്കയറ്റത്തെയും അഴിമതിയെയുംകാള്‍  തീക്ഷ്ണമായി ചര്‍ച്ചചെയ്യപ്പെടേണ്ടുന്നതും ആശങ്കപ്പെടേണ്ടുന്നതുമായ ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതും. പൌരന്റെ സ്വാതന്ത്യ്രത്തെ നേരിട്ട് ബാധിക്കുന്ന  ഒരു സാമുഹികവിപത്താണ് അസഹിഷ്ണുത. സഹിഷ്ണുതയില്ലാത്ത ഒരു സമൂഹത്തില്‍ സ്വാതന്ത്യ്രത്തിന് നിലനില്പില്ല.  അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്കകളും അവബോധവുമുള്ള എല്ലാവരും അതേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുകതന്നെ ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചകള്‍ കാല്‍‌പനികവും ഉപരിപ്ലവവുമായി പോകുന്നില്ലേ എന്ന സംശയവുമുണ്ടാകുന്നുണ്ട്. സഹിഷ്ണുത എന്നാല്‍ മതങ്ങളോടുള്ള സഹിഷ്ണുത എന്നുമാത്രമേ അര്‍ത്ഥമുള്ളു എന്ന രീതിയിലാണ് ചര്‍ച്ചകളുടെ പോക്ക്. ഇത് കാതലായ ഒരു വിഷയത്തെ വഴിതെറ്റിക്കുന്നു എന്ന് മാത്രമല്ല യഥാര്‍ത്ഥ പ്രശ്നത്തിലേക്ക് ജനശ്രദ്ധപതിക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മതസ്പര്‍ദ്ധയില്‍ നിന്നുണ്ടാകുന്ന ഒന്നല്ല അസഹിഷ്ണുത. വ്യക്തിസ്വാതന്ത്ര്യം എന്ന വിശാലമായ ഭാവനയെത്തന്നെ അട്ടിമറിക്കുന്ന വികലമായ അടഞ്ഞ മനോഭാവമാണത്. മതപരമായ അസഹിഷ്ണുത അതില്‍ വളരെ ചെറിയ ഒരുഘടകം മാത്രമാണ്. എന്നാല്‍ വിപണിസൌകര്യത്തിനനുസരിച്ച് ചിന്തിക്കാന്‍ മെരുക്കപ്പെട്ട മാധ്യമങ്ങള്‍ വൈകാരികമായി ചലനങ്ങള്‍ എളുപ്പം സൃഷ്ടിക്കാന്‍ കഴിയുന്ന മതത്തെ മാത്രം എടുത്തുപിടിക്കുകയും അസഹിഷ്ണുത എന്നാല്‍ മതപരമായ അസഹിഷ്ണുത എന്ന നിലയിലേക്ക് ചര്‍ച്ചയെ തരം താഴ്ത്തുകയും ചെയ്യുന്നത് അപകടകരമാണ്. ഇങ്ങനെ കാല്‍‌പനികവല്‍ക്കരിച്ച ചര്‍ച്ചകള്‍ കൊണ്ട് സ്വതവേ വര്‍ഗീയമായി ചേരിതിരിക്കപ്പെട്ട ജനങ്ങളെ കൂടുതല്‍ കൂടുതല്‍ വിഭജിപ്പിക്കുകയും വിഷയത്തെ മറ്റാരുടെയെങ്കിലും പ്രശ്നമായി അന്യവല്‍ക്കരിക്കുകയുമാണ് ചെയ്യുന്നത്.

തീവ്രഹൈന്ദവരാഷ്ട്രീയം പിന്തുടരുന്ന ഒരു കക്ഷി ബഹുഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുകയും ഭരണം നയിക്കുകയും ചെയ്യുന്നതുകൊണ്ടാവണം എളുപ്പത്തില്‍ തന്നെ അസഹിഷ്ണുത എന്നാല്‍ മുസ്ലിങ്ങളോടുള്ള അസഹിഷ്ണുത അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ പക്ഷം അഹിന്ദുക്കളോടുള്ള അസഹിഷ്ണുത എന്ന കേവലമായ അര്‍ത്ഥത്തിലേക്ക് അതിനെ തളച്ചിടുന്നത്. അമീര്‍ ഖാന്‍ അസഹിഷ്ണുതയെക്കുറിച്ചു പറയുമ്പോള്‍ മുസ്ലീം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഐഡന്റിറ്റിയെ മുന്‍‌നിര്‍ത്തി അതിനെതിരെ ഭര്‍ത്സനങ്ങളുയരുന്നത്, ഇങ്ങനെ  വലിയ മാനങ്ങളുള്ള ഒരു വിഷയത്തെ കേവലം മതപരമായ അസഹിഷ്ണുതയായി ഒതുക്കുന്നതുകൊണ്ടാണ്. സത്യത്തില്‍ ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്ന/ചര്‍ച്ചചെയ്യേണ്ടുന്ന വിഷയം മതപരമായ അസഹിഷ്ണുതയെക്കുറിച്ചാണോ?  ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന അസഹിഷ്ണുത എല്ലാവിധ സ്വതന്ത്രചിന്തകള്‍ക്കുമെതിരായ അസഹിഷ്ണുതയാണ്. സ്വാതന്ത്യ്രത്തോടെ അഭിപ്രായം പറയുന്നതിനോടുള്ള അസഹിഷ്ണുത, സ്വാതന്ത്ര്യത്തോടെ ഒരു കലാസ്ര്ഷ്ടി പ്രകാശനം ചെയ്യുന്നതിലോ പുസ്തകം രചിക്കുന്നതിലോ ഉള്ള അസഹിഷ്ണുത, സ്വാതന്ത്ര്യത്തോടെ പുരുഷനും സ്ത്രീയും പ്രണയിക്കുന്നതിലും പരസ്പരം ഇടപഴകുന്നതിലും ഉള്ള അസഹിഷ്ണുത, യുക്തിസഹമായി ചിന്തിക്കുന്നതിലും യുക്തിസഹമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിലും ഉള്ള അസഹിഷ്ണുത, ഇഷ്ടമുള്ള ആഹാരം തെരെഞ്ഞെടുക്കുന്നതിലുള്ള അസഹിഷ്ണുത. ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സ്ഥലത്ത് സഞ്ചരിക്കുന്നതിലുള്ള അസഹിഷ്ണുത, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിലുള്ള അസഹിഷ്ണൂത.. ഇതൊക്കെയല്ലേ ഇവിടെ നില്‍ക്കുന്ന സാഹചര്യം? ആരെങ്കിലും ഏതെങ്കിലും മതവിശ്വാസിയെ അവന്റെ മതത്തില്‍ വിശ്വസിക്കരുതെന്ന് വിലക്കിയോ ഇതുവരെ? ആരെങ്കിലും ഏതെങ്കിലും മതവിശ്വാസത്തില്‍ അസഹിഷ്ണുവായോ?

ബീഫ് നിരോധനം മദ്യനിരോധനം പോലെ യുക്തിഹീനമായ ഒരു തീരുമാനമായിട്ട് കണ്ടാല്‍ അത് ഏതെങ്കിലും മതത്തിനെതിരെയുള്ള അസഹിഷ്ണുതയല്ല മറിച്ച് ബുദ്ധിയും യുക്തിയുമുള്ള പൌരന്റെ  എന്ത് കഴിക്കണം/കഴിക്കരുത് എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. അത് മതപരമായ അസഹിഷ്ണുതയായി/ മുസ്ലീങ്ങളോടുള്ള അസഹിഷ്ണുതയായി കാണുമ്പോഴാണ് ബീഫ് നിരോധനത്തിനെതിരായ സമരങ്ങളോട് പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നത്. മതങ്ങള്‍ (എല്ലാം തന്നെ) കാലഹരണപ്പെട്ട ആശയങ്ങളും ആധുനികജീവിതത്തിന് പ്രശ്നങ്ങള്‍ മാത്രം സൃഷ്ടിക്കുന്ന തത്വസംഹിതകളുമാണ്. മതപരമായ മൂല്യബോധങ്ങളിലാണ്(എല്ലാ മതങ്ങളിലും അതുണ്ട്) അസഹിഷ്ണുതയുടെ വിത്ത് ഒളിച്ചിരിക്കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. തുറന്ന് വീക്ഷിച്ചാല്‍ അസഹിഷ്ണുതയുടെ കാര്യത്തില്‍ ഒരു മതവും മറ്റൊരു മതത്തെക്കാള്‍ മെച്ചമല്ലെന്ന് കാണാന്‍ കഴിയും. ഒരു മതവും സ്വന്തം ചട്ടക്കൂടിനുവെളിയിലുള്ള ചിന്തകളെയൊന്നും സഹിഷ്ണുതയോടെ കാണുന്നില്ല. ചിലതിന്റെ ചട്ടക്കൂട്‌ മറ്റുചിലതിന്റെതിനെക്കാള്‍ ഇടുങ്ങിയതോ വിശാലമായതോ ആയതുകൊണ്ട് അത് സഹിഷ്ണുതയുള്ള മതമെന്ന് പറയാന്‍ കഴിയില്ല. പെരുമാള്‍ മുരുഗന്റെ മധോരുഭഗനെതിരായ അസഹിഷ്ണുതയും കമലഹാസന്റെ വിശ്വരൂപത്തിനെതിരായ അസഹിഷ്ണുതയും രണ്ടുതരം അസഹിഷ്ണുതയല്ല. രണ്ടും സ്വതന്ത്രമായി ജീവിക്കാനും ആശയപ്രകാശനം നടത്താനുമുള്ള അവകാശത്തിനുമേലുള്ള അസഹിഷ്ണുതയാണ്. അതിനെ ആ രീതിയില്‍ കണ്ടാല്‍ മാത്രമേ അസഹിഷ്ണുതയ്ക്കെതിരെയുള്ള ചര്‍ച്ച അര്‍ത്ഥസമ്പുഷ്ടവും ഫലപ്രദവുമാവുകയുള്ളു.

ഇന്ന് നടക്കുന്നത് ആധുനികചിന്തയും കാലഹരണപ്പെട്ട മതമൂല്യങ്ങളും തമ്മിലുള്ള യുദ്ധമാണ്. വ്യക്തിസ്വാതന്ത്ര്യം എന്ന അടിസ്ഥാനപരമായ അവകാശത്തിനുവേണ്ടി ആധുനിക ചിന്ത വാദിക്കുമ്പോള്‍ മതപരമായ മൂല്യബോധത്തിനുള്ളില്‍ നിന്നുള്ള തടവുജീവിതത്തിനുവേണ്ടി കാലഹരണപ്പെട്ട മതതത്വസംഹിതകള്‍ ഒന്നടങ്കം വാദിക്കുന്നു. അതില്‍ ഹിന്ദുമതവും, ഇസ്ലാമും, ക്രിസ്ത്യാനിറ്റിയും ഒക്കെയുണ്ട്. സ്വതന്ത്രജീവിതത്തോടുള്ള യാഥാസ്ഥിതികമനസുകളുടെ എതിര്‍പ്പിനെയും യുദ്ധപ്രഖ്യാപനത്തെയുമാണ് അസഹിഷ്ണുത എന്ന പ്രയോഗം കൊണ്ട് നാം മനസിലാക്കേണ്ടത്. ആ അര്‍ത്ഥത്തിലാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത&#339