വിദേശത്തേക്ക് ജോലി വാഗ്‌ദാനം: വന്‍ തട്ടിപ്പ് പുറത്ത്

0

വിദേശത്തു ജോലി വാഗ്ദാനങ്ങളുമായ്‌ കേരളത്തില്‍ തട്ടിപ്പുകാര്‍ വീണ്ടും സജീവമാകുന്നു.. മലയാളി നഴ്സുകളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് പുരോഗമിക്കുന്നത്.  സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ലഭിച്ച ഒരു നഴ്സ് പ്രവാസി എക്സ്പ്രസിന്‍റെ സിംഗപ്പൂര്‍ ഓഫിസുമായ്‌ ബന്ധപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്താകുന്നത്….

എമിറേറ്റ്സ് ഗ്രൂപ്പിന്‍റെ ഹോസ്പിറ്റലില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സിംഗപ്പൂരില്‍ എയര്‍പോര്‍ട്ട് നഴ്സ് ആയി ജോലിക്ക് പ്രവേശിക്കാനാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം. ശമ്പളം ദിര്‍ഹം ആയാണ്  നല്‍കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കൊച്ചിയില്‍നിന്ന്‌, ദുബായ്‌ വഴി സിംഗപ്പൂരിലേക്ക് എമിറേറ്റ്സ് ഫ്ലൈറ്റില്‍ ബിസിനസ് ക്ലാസ്‌ ടിക്കറ്റും ഇവര്‍ ഉടന്‍ ബുക്ക് ചെയ്യുന്നു.. സ്വീകാര്യതയ്ക്കായ്‌ എയര്‍ ടിക്കറ്റും ഇവര്‍ ഉടന്‍ അയച്ചു കൊടുക്കും.. എമിറേറ്റ്സിന്‍റെ ബുക്കിംഗ് സംവിധാനം ദുരുപയോഗം ചെയ്താണ് ഇത് സാധിക്കുന്നത്. ഇതിനായ്‌ ചില ട്രാവല്‍ ഏജന്‍റുമാരുടെ സഹായവും ഇവര്‍ക്കുണ്ട്..

ഡല്‍ഹിയിലുള്ള  ഡോ. രാജീവ് എന്ന പേരിലാണ് ഉദ്യോഗാര്‍ത്ഥികളുമായ്‌ സംസാരിക്കുന്നത്. ആദ്യ ബാച്ചില്‍ 20  നഴ്സുമാരെയാണ് അയക്കുന്നതെന്ന് ഡോ. രാജീവ് പറയുന്നു.

ഇവരുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ ഒരു നഴ്സ് സത്യവസ്ഥ മനസ്സിലാക്കാനായ്‌ പ്രവാസി എക്സ്പ്രസുമായി ബന്ധപ്പെടുകയായിരുന്നു.

പ്രവാസി എക്സ്പ്രസ്‌, എമിറേറ്റ്സ് ഗ്രൂപ്പിന്‍റെ സിംഗപ്പൂര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ ഹോസ്പിറ്റല്‍ സിംഗപ്പൂരില്‍ നിലവിലില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല, എമിറേറ്റ്സ് ഗ്രൂപ്പിന്‍റെ പേരില്‍ നിര്‍മ്മിച്ച വ്യാജ ലെറ്റര്‍പാഡും എമിറേറ്റ്സ് ഗ്രൂപ്പ്‌ന്‍റെ ലെറ്റര്‍ പാഡും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്ന് എമിറേറ്റ്‌സ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിസയ്ക്കും ടിക്കറ്റിനുമായ്‌ നാല്‍പതിനായിരത്തില്‍ പരം രൂപയാണ് ഇവര്‍ ആവിശ്യപ്പെടുന്നത്.. പോസ്റ്റ്‌ ഓഫീസ് വഴി തുക ട്രാന്‍സ്ഫര്‍ ചെയ്യാനാണ് നിര്‍ദ്ദേശം.. ഇതിനായി ഐഎംഒ (Instant Money Transfer -iMO) നമ്പര്‍ നല്‍കും..

സാധാരണഗതിയില്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ആണ് ഐഎംഒ നമ്പര്‍ പോസ്റ്റ്‌ ഓഫീസില്‍ നിന്നും നല്‍കുക. ഈ നമ്പര്‍ തുക സ്വീകരിക്കേണ്ട ആളിന് അയച്ചുകൊടുക്കുകയും, ഗവണ്‍മെന്‍റ് അംഗീകാരമുള്ള ഐഡന്‍റി കാര്‍ഡും ഐഎംഒ നമ്പരുമായി എത്തുന്നയാള്‍ക്ക് പോസ്റ്റ്‌ ഓഫീസുകളില്‍നിന്നും തുക സ്വീകരിക്കുകയും ചെയ്യാം.  

ഈ സംവിധാനത്തിന്‍റെ പഴുതുകള്‍ കണ്ടെത്തിയാണ് പുതിയ തട്ടിപ്പിന് കളമൊരുങ്ങുന്നത്.  ഡല്‍ഹിയിലെ വ്യാജവിലാസത്തില്‍  ഐഎംഒ നമ്പര്‍ കരസ്ഥമാക്കിയ ശേഷം ഉടന്‍ ഇതിലൂടെ തുക അയക്കാന്‍  ആവിശ്യപ്പെടുകയാണ് തട്ടിപ്പിന്‍റെ രീതി. ഇതിലൂടെ ആരാണ് ഈ തുക കൈപ്പറ്റുക എന്ന് അറിയാന്‍ സാധിക്കാറില്ല.. അടുത്തിടെ കേരളത്തിലെ പോസ്റ്റ്‌ ഓഫീസ് – ഇന്‍സ്റ്റന്‍റ് മണി ഓര്‍ഡറുകളുടെ (iMO) എണ്ണത്തില്‍ അസാധാരണ വര്‍ദ്ധനയുള്ളതായ് പ്രവാസി എക്സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചു. ഇതില്‍ നിന്നും പല ജോലി തട്ടിപ്പ് റാക്കറ്റുകളും ഈ രീതി അവലംബിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തട്ടിപ്പിനായ് ഡോ. ഷൈന്‍, എമിറേറ്റ്സ് ഗ്രൂപ്പ്‌, ഇന്ത്യന്‍ എംബസ്സി ന്യൂഡല്‍ഹി, 110011 എന്ന് ഒറ്റ നോട്ടത്തില്‍ സ്വീകാര്യത തോന്നുന്ന വ്യാജ വിലാസമാണ് നല്‍കിയിരിക്കുന്നത്..

പ്രവാസി എക്പ്രസ് – റിപ്പോര്‍ട്ടര്‍ ടീം നടത്തിയ അന്വേഷണത്തില്‍ ഇത് ഗഹനമായ തട്ടിപ്പാണെന്ന് വെളിപ്പെടുകയാണ്.. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഉടന്‍തന്നെ തകര്‍ത്തില്ലെങ്കില്‍ ഒട്ടേറെ മലയാളികള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാവും എന്ന് തെല്ലും സംശയമില്ല..

സമാനമായ ജോലി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിക്കുക:
Reporter TV:  +91  9747 540321
PravasiExpress: +65  8332 2959