സിംഗപ്പൂരില്‍ ഇന്ത്യന്‍ മാഗ്ഗിയുടെ ഇറക്കുമതിക്ക് താല്‍ക്കാലിക നിരോധനം

0
സിംഗപ്പൂരില്‍ ഇന്ത്യയില്‍ നിന്നുള്ള മാഗി ന്യൂഡിലുകളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു. Agri-Food and Veterinary Authority of Singapore (AVA) അറിയിച്ചതാണ് ഇക്കാര്യം. ഡല്‍ഹിയിലും ഉത്തര്‍പ്രദേശില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിനു ഹാനികരമായ  രീതിയില്‍ ലെഡ് മുതലായ പദാര്‍ഥങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള കരുതല്‍ നടപടിയെന്നോണമാണ് ഈ താല്‍കാലിക നിരോധനം.
ന്യൂഡില്‍ സാമ്പിളുകള്‍ പരിശോധനക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിനു ശേഷം നിരോധനം തുടരണോ എന്ന കാര്യം തീരുമാനിക്കും.
അതേ സമയം വിവിധ സംസ്ഥാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മാഗി നൂഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പന നിര്‍ത്തിയെന്ന് ഉല്‍പാദകരായ നെസ്‌ലെ അറിയിച്ചു. തമിഴ്നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കശ്മീര്‍ സംസ്ഥാനങ്ങള്‍ മാഗി നിരോധിച്ചിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, തെലങ്കാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്, അസം സര്‍ക്കാരുകള്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ വെറും അഞ്ചു  മാഗി ന്യൂഡില്‍സ് സാമ്പിളുകള്‍ പരിശോധിച്ച ശേഷം,  ആരോഗ്യത്തിന് ഹാനികരമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.