അക്ഷരയുടെ ഓണവിശേഷങ്ങള്‍

0

ഏഷ്യാനെറ്റിലെ 'കറുത്തമുത്ത്' സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ചക്കര മുത്ത്‌. കിഷോര്‍ സത്യയുടെ ബാല മോള്‍, കിഷോര്‍ കുമാറിന്റെ സ്വന്തം അക്ഷര മോള്‍. പ്രവാസി എക്സ്പ്രസിന് വേണ്ടി അഭിമുഖത്തിനു തയ്യാറായപ്പോള്‍ അക്ഷരയുടെ അച്ഛനോ, അമ്മയോ ആകും ഉത്തരങ്ങള്‍ തരിക എന്നായിരുന്നു  കരുതിയിരുന്നത്, പക്ഷെ അക്ഷര തന്നെ കൊഞ്ചി കൊണ്ട് എന്നാല്‍ വളരെ പക്വതയോടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമേകി. അത്ഭുതമില്ല അത്രയും അഭിനയത്തികവോടെയല്ലേ അക്ഷര കിഷോര്‍ എന്ന  ഈ കൊച്ചു മിടുക്കി ബാലചന്ദ്രിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

1. അക്ഷര ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയലുകള്‍, സിനിമകള്‍ ഏതൊക്കെ ആണ്?

ഞാനിപ്പോള്‍ 'കറുത്തമുത്തി'ലെ ബാല മോളായാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്, അതില്‍ കിഷോര്‍ അങ്കിളിന്റെയും, പ്രേമി ചേച്ചിയുടെയും മകളായ്. പിന്നെ ലാലങ്കിളിന്റെ 'കനല്‍' എന്ന സിനിമയിലും. ഇതിനു മുന്‍പ് 'മത്തായി കുഴപ്പക്കാരനല്ല' എന്ന സിനിമയും ചെയ്തിരുന്നു.

2. മോള്‍ എങ്ങിനെയാണ് സീരിയലിലേക്ക് വരുന്നത്?

 കുറെ പരസ്യ ചിത്രങ്ങള്‍ ചെയ്തിരുന്നു. അതില്‍ നിറപറയുടെ സംവിധായകന്‍ ജിസ്മോന്‍ ജോയ് ആണ് കിഷോര്‍ അങ്കിളിനോട് എന്നെക്കുറിച്ച് പറഞ്ഞത്. അങ്ങിനെ അങ്കിള്‍ ആണ് 'കറുത്തമുത്ത്' ചെയ്യാന്‍ എന്നെ വിളിച്ചത്.

3. ഏതൊക്കെ പരസ്യ ചിത്രങ്ങള്‍ ആണ് ചെയ്തത്?

 രസിക ജാം, നിറപറ, ജയലക്ഷ്മി, കല്ല്യാണ്‍ സില്‍ക്സ്, അഹല്യ, പോപി കുട തുടങ്ങി എഴുപതോളം പരസ്യ ചിത്രങ്ങള്‍ ചെയ്തു.

4. അക്ഷരയെ വീട്ടില്‍ വിളിക്കുന്നത് ?

ചക്കര എന്നാണ് വീട്ടില്‍ വിളിക്കാറ്.

5. മോളുടെ വീട്  എവിടെയാണ്?

എറണാകുളം വെണ്ണലയില്‍  ഫെഡറല്‍ പാര്‍ക്ക്‌ അപാര്‍ട്ട്മെന്റില്‍ ആണ് താമസിക്കുന്നത്. അച്ഛന്റെയും, അമ്മയുടെയും നാട് കണ്ണൂര്‍ ആണ്.

 6. ഏതു സ്കൂളില്‍ ആണ് പഠിക്കുന്നത് ?

ഞാന്‍ കാക്കനാട് 'ഭവന്‍സ് ആദര്‍ശ് വിദ്യാലയ'യില്‍ സെക്കന്റ്‌ സ്റ്റാന്‍ഡേര്‍ഡില്‍ ആണ് പഠിക്കുന്നത്.

7. അക്ഷരയുടെ വീട്ടില്‍ ആരൊക്കെയുണ്ട്?  അവരൊക്കെ എന്ത് ചെയ്യുന്നു?

വീട്ടില്‍ അച്ഛന്‍, അമ്മ, ചേച്ചി. അച്ഛന്‍ കിഷോര്‍, പാലാരിവട്ടത്ത് ഒരു കമ്പനിയില്‍ ആര്‍ക്കിട്ടക്റ്റ് ആണ്. അമ്മ ഹേമപ്രഭ, ഫെഡറല്‍ ബാങ്ക് പാലാരിവട്ടം ബ്രാഞ്ചില്‍ ഉദ്യോഗസ്ഥയാണ്. ചേച്ചി അഖില കിഷോര്‍, ആറാം ക്ലാസ്സില്‍ പഠിക്കുന്നു. ചേച്ചി കനല്‍ മൂവിയിലും, കുറച്ചു പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചേച്ചി പാടും, ഞാനും ചേച്ചിയും രണ്ട് വര്‍ഷമായി ഡാന്‍സ് പഠിക്കുന്നുണ്ട്.

8. അക്ഷര മോളുടെ ഓണാഘോഷത്തെക്കുറിച്ച്?

കണ്ണൂരിലെ വീട്ടില്‍ പോയാല്‍ റിലേറ്റീവ്സിന്റെ കൂടെ പൂക്കളമൊരുക്കും. അവിടെ ഓണം പ്രോഗ്രാമുകളിലും പങ്കെടുക്കും. ഇത്തവണ തിരുവോണത്തിന് ഷൂട്ട്‌ ഇല്ലാത്ത കൊണ്ട് വെണ്ണലയിലെ വീട്ടില്‍ ഓണം ആഘോഷിച്ചു, പൂക്കളമൊരുക്കി, സദ്യയുണ്ടാക്കി. പായസമാണ് സദ്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടം.

9. അക്ഷരയ്ക്ക്‌ ഇഷ്ടമുള്ള ഭക്ഷണം?

ചിക്കന്‍ ബിരിയാണി, ഇഡ്ലി-സാമ്പാര്‍.

10. മോള്‍ക്ക്‌ ഇഷ്ടമുള്ള താരങ്ങള്‍ ?

എനിക്ക് ഐശ്വര്യറായിയെ ആണ് ഏറ്റവും ഇഷ്ടം. കാവ്യാ മാധവനെയും, ദിലീപിനെയും ഇഷ്ടമാണ്.

11. വലുതായാല്‍ നടിയാകാന്‍ തന്നെയാണോ ഇഷ്ടം?

എനിക്ക് വലുതായാല്‍ ഐശ്വര്യറായിയെ പോലെ നടി ആകാനാണ് ഇഷ്ടം.

 12. ഇഷ്ട വിനോദങ്ങള്‍ ?

ബാര്‍ബി ഡോളിനോപ്പം കളിക്കും, കൊച്ചു ടി വി കാണും, സിനിമ കാണും,  ചേച്ചിയോടൊപ്പം കളിക്കും, വരയ്ക്കാനിഷ്ടമാണ്.

അക്ഷരയുടെ അഭിനയിക്കാനുള്ള  കഴിവ് എപ്പോള്‍ മുതലാണ്‌ ശ്രദ്ധിച്ചു  തുടങ്ങിയതെന്ന ചോദ്യത്തിന്, ചെറുപ്പം മുതലേ പാട്ട് വയ്ക്കുമ്പോള്‍ ഡാന്‍സ് ചെയ്യുമെന്നും, ടി വി കാണുമ്പോള്‍ അതുപോലെ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും അക്ഷരയുടെ അമ്മ പറഞ്ഞു. സീരിയലില്‍ ഡയറക്ടര്‍ പറയും പോലെ അഭിനയിച്ചു കാണിക്കുമെന്നും, ഡബ്ബിങ്ങ് സ്വന്താമായാണ് ചെയ്യുന്നതെന്നും, സെറ്റില്‍ സെല്‍ഫി എടുത്തു നടക്കാനാണ് ഏറെ ഇഷ്ടമെന്നും അമ്മ ഹേമ കൂട്ടി ചേര്‍ത്തു.

                  **************************

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.