തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്തു

0

തിരൂർ∙ മലപ്പുറം തിരൂർ ചെമ്പ്ര പരന്നേക്കാട്ട് 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ചതിൽ ദുരൂഹതയെന്നു സംശയം. തറമ്മല്‍ റഫീഖ്‌ -സബ്‌ന ദമ്പതിമാരുടെ മക്കളാണ് 5 വയസ്സിനു താഴെ പ്രായമുള്ളപ്പോൾ മരിച്ചത്. 3 മാസം പ്രായമുള്ള കുട്ടി ഇന്ന് വീട്ടിൽ മരിച്ചതോടെയാണു സംശയം ഉയർന്നത്.

മരണശേഷം രാവിലെ പത്തുമണിയോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സംസ്‌കരിക്കുകയും ചെയ്തു. സംഭവത്തില്‍ സംശയം തോന്നിയ അടുത്ത വീട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു. രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നു മരിച്ച 3 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കാൻ അനുമതി തേടിയിട്ടുണ്ട്. 8 മാസം, 2 മാസം, 40 ദിവസം, നാലര വയസ്, 3 മാസം, 3 മാസം എന്നിങ്ങനെയാണ് മരിക്കുമ്പോൾ കുട്ടികളുടെ പ്രായം. ദമ്പതികൾക്ക് മറ്റു കുട്ടികളിലില്ലെന്നും അദ്ദേഹം പറഞ്ഞു.

2010-ല്‍ ആയിരുന്നു റഫീക്കിന്റെയും സബ്‌നയുടെയും വിവാഹം. 2011 മുതല്‍ 2020 വരെ ഇവര്‍ക്ക് ആറുകുട്ടികള്‍ ജനിച്ചു. 3 പെണ്‍കുട്ടികളും 3 ആണ്‍കുട്ടികളു മായിരുന്നു. അപസ്മാരമാണ് കുട്ടികള്‍ മരിച്ചതിന് കാരണമെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. ഇതുവരെ അയല്‍വീട്ടുകാര്‍ക്ക് കുട്ടികളുടെ മരണം സംബന്ധിച്ച് സംശയം തോന്നിയിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച കുട്ടി മരിച്ചതിന് തൊട്ടുപിന്നാലെ വളരെ വേഗത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമിച്ചതോടെ അയല്‍വീട്ടുകാര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.