ചരിത്ര മുഹൂർത്തം; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കായിക ഓസ്‌കർ

0

ബർലിൻ ∙ കഴിഞ്ഞ 20 വർഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക്. 2011 ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്‌കാരം. ‘ഒരു രാജ്യത്തിന്റെ ചുമലില്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്.

ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരനാണ് സച്ചിൻ. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കായിക രംഗത്തെ ഓസ്കര്‍ എന്നാണ് ലോറസ് പുരസ്‌കാരം അറിയപ്പെടുന്നത്‌. കായികരംഗത്തെ പരമോന്നത ബഹുമതിയാണിത്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള അംഗീകാരമാണ് സച്ചിന്‍ നേടിയത്.

ഫുട്ബോൾ താരം ലയണൽ മെസ്സി, ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ എന്നിവർക്കാണ് ഈ വർഷത്തെ മികച്ച പുരുഷ കാകായികതാരത്തിനുള്ള പുരസ്കാരം. യുഎസ് ജിംനാസ്റ്റ് സിമോൺ ബൈൽസിനാണ് വനിതാവിഭാഗത്തിൽ പുരസ്കാരം. തുല്ല്യ വോട്ട് ലഭിച്ചതോടെയാണ് മെസ്സിയും ഹാമില്‍ട്ടണും പുരസ്‌കാരം പങ്കുവെച്ചത്.

അവാർഡിന്റെ 20 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ലോറെസ് അവാർഡ് രണ്ടു പേർക്കായി നൽകുന്നത്. ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്, ടെന്നീസ് താരം റാഫേല്‍ നദാല്‍, മോട്ടോ ജിപി താരം മാര്‍ക് മാര്‍ക്കേസ്, മാരത്തണ്‍ താരം എയുലിദ് കിപ്‌ചോഗ് എന്നിവരായിരുന്നു ഹാമില്‍ട്ടണും മെസ്സിക്കുമൊപ്പം മത്സരിച്ച ഫൈനലിസ്റ്റുകള്‍.