ബന്ധുക്കളോട് പക; നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്നു: ഷൈലജയ്ക്ക് ജീവപര്യന്തം

0

തൃശൂർ പുതുക്കാട് നാലു വയസുകാരി മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ ബന്ധു ഷൈലജയ്ക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2016 ഒക്ടോബർ 13നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിന്റെയും നീഷ്മയുടെയും നാലു വയസുകാരി മേബയെ, വീട്ടുകാരോടുളള മുൻ വൈരാഗ്യം വച്ച് ബന്ധുകൂടിയായ ഷൈലജ മണലി പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം ഉറപ്പാക്കാൻ കുട്ടിയുടെ പിതാവിനോടും മറ്റു ബന്ധുക്കളോടും മേബയെ ബംഗാളികൾ കൊണ്ടുപോയതാണെന്ന് ഷൈലജ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

വിചാരണക്ക് ശേഷം പ്രതിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. സാഹചര്യ തെളിവുകളിലൂടെ സഞ്ചരിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.

മേബയുടെ അച്ഛനും അമ്മയും ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നതിനാൽ തന്നെ വീഡിയോ കോൺഫറൻസ് വഴി മൊഴി രേഖപ്പെടുത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെന്ന പ്രത്യേകതയും കേസിനുണ്ട്.

അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഇതും പകയ്ക്ക് കാരണമായിരുന്നു.