ദുബായില്‍ നിന്ന് അമേരിക്കയിലേയ്ക്ക് പറന്ന എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് കൂട്ടത്തോടെ രോഗലക്ഷണങ്ങള്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

0

ദുബായില്‍ നിന്ന് അമേരിക്കയിലേയ്ക്ക് പറന്ന എമിറേറ്റ്‌സ് വിമാനത്തിലെ 10 യാത്രക്കാര്‍ക്ക് ഒന്നടങ്കം അസുഖ ബാധയുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ദുബായില്‍ നിന്നും 520 യാത്രക്കാരേയും വഹിച്ചു വാഷിംഗ്ടണ്‍ ജെഎഫ്‌കെ വിമാനത്താവളത്തില്‍ എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ പത്തു പേര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയത് ‘ഇന്‍ഫ്‌ലൂവന്‍സ’ (ഒരു തരം പനി) ആയിരിക്കാമെന്നാണ് പ്രാഥമിമ നിഗമനമെന്ന് ന്യൂയോര്‍ക്ക് സിറ്റി ആക്റ്റിങ്ങ് ഹെല്‍ത്ത് കമ്മിഷണര്‍ ഡോ. ഒക്‌സിറിസ് ബാര്‍ബോട്ട് അറിയിച്ചു.

എല്ലാ യാത്രക്കാരേയും സൂക്ഷ്മമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ പറഞ്ഞു. 2012 ല്‍ ആദ്യമായി കണ്ടെത്തിയ മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രോം എന്ന വൈറല്‍ റസ്പിറേറ്ററി അസുഖമാണോ എന്ന് പരിശോധിച്ചു വരികയാണ്. പക്ഷേ, ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. പരിശോധനകളുടെ അന്തിമ ഫലം വന്നതിനു ശേഷമേ ഇത് പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നു പേര്‍ യാത്രക്കാരും ഏഴു പേര്‍ വിമാനജീവനക്കാരുമാണ് എന്നാണ് എമിറേറ്റ്‌സ് നല്‍കുന്ന വിവരം. യാത്രക്കാരില്‍ ചിലര്‍ക്ക് കടുത്ത ചുമയും തൊണ്ടവേദനയും തലവേദനയും അനുഭവപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ അറിയാന്‍ കാരണമായത്. നേരത്തെ വിമാനത്തിലെ 100 പേര്‍ അസുഖ ബാധിതരായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. എന്നാല്‍, 10 പേര്‍ക്കു മാത്രമാണ് അസുഖമുള്ളതെന്നും മറ്റുള്ളവരെ പരിശോധനയ്ക്കു ശേഷം പോകാന്‍ അനുവദിച്ചുവെന്നും എമിറേറ്റ്‌സ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ദുബായ് വിമാനത്താവളത്തില്‍ വെച്ചു തന്നെ യാത്രക്കാര്‍ക്ക് അസുഖലക്ഷണം പ്രകടമായതായി യാത്രക്കാര്‍ തന്നെ പറയുന്നു. പനിയും കഠിന ശ്വാസ തടസ്സവും ചുമയും അനുഭവപ്പെട്ട പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായില്‍ നിന്നും എത്തിയ വിമാനം പ്രത്യേക സ്ഥലത്തു ലാന്റ് ചെയ്തതോടെ മെഡിക്കല്‍ ടീം എത്തി എല്ലാ യാത്രക്കാരേയും വിദഗ്ദ പരിശോധനക്ക് വിധേയരാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് എമിറേറ്റ്‌സ് അധികൃതരും സിഡിസിയും അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.