
ഷാർജ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ സ്വദേശിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി വിധിച്ചു. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി അയടത്തു പുതിയപുരയിൽ സിദ്ധിഖിനാണു (42) നഷ്ടപരിഹാരം ലഭിക്കുക. 2017 മേയ് 20നായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മുഹമ്മദ് സൽമാൻ എന്ന പാക്കിസ്ഥാൻ പൗരൻ ഓടിച്ച വാഹനം സിദ്ധിഖിനെ ഇടിക്കുകയായിരുന്നു. ഷാർജയിൽ കഫറ്റീറിയ നടത്തിവരികയായിരുന്നു സിദ്ധിഖ്. അപകടത്തിൽ ശ്വാസകോശത്തിനും കഴുത്തിനും സാരമായി പരിക്കേൽക്കുകയും ജീവിക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാകുകയും ചെയ്തു.ഷാർജയിലെ നിയമസ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശേരി മുഖേനയാണു സിദ്ധിഖ് ദുബായ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.