ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി

0

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി. സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ തങ്കു കോശിക്കെതിരെയാണ് നടപടി. ഡോക്ടറോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ഡോക്ടര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കും. കളക്ടര്‍, എസ് പി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശസ്ത്രക്രിയുടെ സമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയുടെയും നവജാത ശിശുവിന്റെയും മരണം ചികിത്സാ പിഴവാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണ്ണയും കുട്ടിയുമാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അപര്‍ണ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരിച്ചത്. കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചിരുന്നു. ലേബര്‍മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.