അമ്പിളി ദേവിയുടെ ഗാർഹിക പീഡന പരാതി; ആദിത്യൻ ജയനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

0

ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചവറ പൊലീസാണ് ഹൈക്കോടതി നിർദേശ പ്രകാരം ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് പൊലീസ് നടപടി. അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യൻ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളി ദേവിയുടെ പരാതി. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലും ആദിത്യൻ തന്നെ മർദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങൾക്കിടെ ആദിത്യൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ആദിത്യൻ ചൊവ്വാഴ്ച ചവറ സ്റ്റേഷനിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

2019 ജനുവരിയിലാണ് ആദിത്യനും അമ്പിളിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതേ വര്‍ഷം തന്നെ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞു പിറന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ആദിത്യനേതിരേ ഗാര്‍ഹിക പീഡനാരോപണവുമായി രംഗത്ത് വന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി ആരോപിച്ചു.