നടി ശരണ്യ ശശി അന്തരിച്ചു

0

തിരുവനന്തപുരം: നടി ശരണ്യ ശശി (33) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 11 തവണയോളം ഇതിനായി സര്‍ജറിക്ക് വിധേയയായിരുന്നു. ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി.

തുടർ ചികിത്സയ്ക്ക് തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കൊവിഡ് ബാധിച്ചു. കൊവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഇതോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയിൽ നിന്ന് മുക്തയായ ശരണ്യ നീട്ടിൽ തിരിച്ചെത്തി. പിന്നീട് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ പത്ത് വർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.

രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോൾ ചികിത്സ ലഭ്യമാക്കാൻ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുൻപ് സമൂഹമാധ്യമങ്ങളിലൂടെ വാർത്തയായിരുന്നു. സാമൂഹ്യപ്രവർത്തകനായ സൂരജ് പാലാക്കാരനും നടി സീമ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി സഹായമഭ്യർഥിച്ച് രംഗത്തെത്തിയിരുന്നു.

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.