രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്; കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായുള്ള ബിഡ്ഡിംഗില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്.

ഇന്ന് ദില്ലിയില്‍ നടന്ന ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതോടെയാണ് നടത്തിപ്പ് അവര്‍ക്ക് ലഭിക്കും എന്ന് ഉറപ്പായത്. തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ക്ലോസ്ഡ് ടെണ്ടറില്‍ 168 കോടി അദാനി ക്വാട്ട് ചെയ്തപ്പോള്‍ കേരള സര്‍ക്കാരിന്റെ കെഎസ്‌ഐഡിസിക്ക് വേണ്ടി ടിയാല്‍ 135 കോടി ക്വാട്ട് ചെയ്തു. മൂന്നാം സ്ഥാനത്ത് ഉളള ജി.എം.ആര്‍ ഗ്രൂപ്പ് 63 കോടി ക്വാട്ട് ചെയ്തു. ഇതടക്കം അഞ്ച് വിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പ് ഒന്നാം സ്ഥനത്തെത്തി.

അഹമ്മദബാദിന് വേണ്ടി 177 കോടിയും, ജയ്പ്പൂരിന് വേണ്ടി 174 കോടിയും, ലക്‌നൗ വിമാനത്താവളത്തിന് വേണ്ടി 171 കോടിയും, മംഗലാപുരത്തിന് വേണ്ടി 115 കോടി രൂപയും ആണ് അദാനി ഫിനാന്‍ഷ്യല്‍ ബിഡില്‍ ക്വാട്ട് ചെയ്തത്.

ഗുഹാവട്ടി എയര്‍പോര്‍ട്ടിന്റെ ലേല നടപടികള്‍ കോടതി തടഞ്ഞതിനാല്‍ പിന്നീടാവും ഫിനാന്‍ഷ്യല്‍ ബിഡ് നടക്കുക. 28ന് ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കും. ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ അദാനിക്ക് തന്നെ അഞ്ച് വിമാനത്താവളങ്ങളും ലഭിക്കാനാണ് സാധ്യത. വിമാനത്താവള നടത്തിപ്പില്‍ മുന്‍ പരിചയം ഉള്ള കമ്പനികള്‍ മാത്രമേ ടെക്ക്‌നിക്കല്‍ ബിഡില്‍ പങ്കെടുപ്പിക്കാവു എന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതാണ് അദാനിക്ക് ഒറ്റയടിക്ക് ഇത്രയും വിമാനത്താവളം ലഭിക്കാന്‍ കാരണം.

എന്നാൽ വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന ലേലത്തില്‍ വിചിത്രമായ കാര്യങ്ങളാണ് ഉണ്ടായത്. അദാനി എന്ന ഒരു കുത്തകയെ മാത്രം ഏല്‍പ്പിച്ചാല്‍ വിമാനത്താവളത്തിന്റെ വികസനം നടക്കുകയില്ലെന്നും സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം ഉണ്ടാക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിയാല്‍ മാതൃകയില്‍ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ബിഡ്ഡിംഗിന് വച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം യാത്രക്കാര്‍ വന്നുപോകുന്ന വിമാനത്താവളമാണ് തിരുവനന്തപുരം.