വിരലടയാളത്തിന്റെ വിശ്വാസം

0

ഒരു വിരലടയാളത്തിന്റെ വിശ്വാസത്തിലാണ് ഇന്ന് തമിഴ്‌നാട് രാഷ്ട്രീയം. തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ആശുപത്രിയിലായി നാൽപതു ദിവസം പിന്നിടുമ്പോൾ അവർ ജീവിച്ചിരിക്കുന്നതിന്റെ ഏക സാക്ഷ്യപത്രം നവംബർ 19-ന് തിരുപ്പറംകുൺട്രത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ ഔദ്യോഗിക നോമിനിയായി അംഗീകരിച്ചു കൊണ്ട് സമർപ്പിച്ച ഫോമിൽ പതിപ്പിച്ചിരിക്കുന്ന ഇടതു വിരലടയാളങ്ങളാണ്. “ഒപ്പിടേണ്ട വ്യക്തിയെ നിലവിൽ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാലും ഈയടുത്ത് അവർ ട്രാക്കിയോടമിക്ക് വിധേയയായിരിക്കുന്നതിനാലും വലതു കൈ ഇൻഫ്‌ളെയിംഡ് ആയതിനാലും അവർക്ക് (ജയലളിതയ്ക്ക്) തൽക്കാലം ഒപ്പിടാൻ കഴിയില്ലെന്നും അതിനാലാണ് ഇടതു കൈവിരലടയാളം എന്റെ സാന്നിധ്യത്തിൽ പതിപ്പിച്ചതെന്നും” മദ്രാസ് മെഡിക്കൽ കോളെജിലേയും രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റലിലേയും മിനിമൽ ആക്‌സെസ് സർജറി പ്രൊഫസർ ഡോ. പി ബാലാജി സാക്ഷ്യപ്പെടുത്തിയ ആ ഫോമിൽ പറയുന്നു. അപ്പോളോ ഹോസ്പിറ്റലിന്റെ സാക്ഷിയായി ഡോ. ബാബു കെ എബ്രഹാവും അതിൽ ഒപ്പിട്ടിട്ടുണ്ട്.

68-കാരിയായ ജയലളിതയെ സെപ്തംബർ 22-നാണ് പനിയും നിർജലീകരണവും നിമിത്തം അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആശുപത്രിയിൽ നിന്നും പുറത്തിറക്കിയ മാധ്യമക്കുറിപ്പിൽ അണുബാധയ്ക്കുള്ള ചികിത്സയിലാണ് അവർ എന്നും സൂചിപ്പിക്കുകയുണ്ടായി. അപ്പോളോ ആശുപത്രിക്കു മുന്നിൽ അമ്മയുടെ സുഖപ്രാപ്തിക്കായി വ്യത്യസ്ത രൂപങ്ങളിലുള്ള ആരാധനകളും വഴിപാടുകളും നടത്തിവരുന്ന ഭരണകക്ഷിയായ എ ഐ ഡി എം കെയുടെ പ്രവർത്തകർ പറയുന്നത് ജയലളിത “സുഖമായിരിക്കുന്നുവെന്നും” ഉടൻ പാർട്ടിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നുമാണ്. “അൽപ ദിവസം ഞങ്ങളുടെ നേതാവിന്റെ ആരോഗ്യനിലയിൽ പാർട്ടി അണികൾ ഉൽക്കണ്ഠാകുലരായിരുന്നുവെന്നത് സത്യമാണ്. പക്ഷേ അപ്പോളോ ഹോസ്പിറ്റൽ നൽകിയ വിശദമായ മാധ്യമക്കുറിപ്പിനു ശേഷം പുരട്ചി തലൈവി അമ്മ സുഖം പ്രാപിക്കുന്നുണ്ടെന്നും വളരെ വേഗം വീട്ടിലേക്കു മടങ്ങുമെന്നും ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്,” എ ഐ എ ഡി എം കെ വക്താവ് സി ആർ സരസ്വതി പറയുന്നു.

എങ്കിലും ഒക്‌ടോബർ 21-നു ശേഷം ആശുപത്രി അധികൃതർ ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാധ്യമക്കുറിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല. അതിനും എ ഐ ഡി എം കെയ്ക്ക് പറയാൻ കാരണങ്ങളുണ്ട്, “ഇനി മാധ്യമക്കുറിപ്പുകളൊന്നും പുറത്തിറക്കേണ്ട ആവശ്യമില്ല. അമ്മയെ ഡിസ്ചാർജ് ചെയ്യാനുള്ള തീയതി തീരുമാനിക്കുകയാണ് അപ്പോളോയിലെ ഡോക്ടർമാർ,” പാർട്ടിയിലെ മറ്റൊരു വക്താവ് പറയുന്നു. “ജയലളിത സ്വബോധത്തോടെയാണോ ആ ഫോമിൽ ഒപ്പിട്ടതെന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാകണം. അല്ലാത്തപക്ഷം മറ്റ് തൽപരകക്ഷികൾ അവരുടെ അധികാരം ദുർവിനിയോഗം ചെയ്യുകയാവും. തെരഞ്ഞെടുപ്പു കമ്മീഷന് അതിന് അധികാരം ജനാധിപത്യ സംവിധാനത്തിൽ ഉണ്ടായിരിക്കേണ്ടതല്ലേ?” ജയലളിതയുടേ ആരോഗ്യസ്ഥിതിയിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് പാർട്ടിയുടെ ഒരു വിമർശകൻ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.