തുര്‍ക്കി ഭൂചലനത്തിന് ശേഷം കണ്ടെടുത്തത് ക്രിസ്റ്റ്യന്‍ അറ്റ്‌സുവിന്റെ മൃതദേഹം! സ്ഥിരീകരിച്ച് ഏജന്റ്

0

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്കിടെ കുടുങ്ങികിടക്കുകയായിരുന്ന ഘാന ഫുട്‌ബോള്‍ ക്രിസ്റ്റിയന്‍ അറ്റ്‌സുവിനെ കണ്ടെടുക്കുമ്പോള്‍ മരണപ്പെട്ടിരുന്നതായി ഏജന്റ് സ്ഥിരീകരിച്ചു. നേരത്തെ അറ്റ്‌സുവിനെ ജീവനോടെ പുറത്തെടുത്തുവെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറ്റ്‌സുവിന്റെ മൃതദേഹമാണ് പുറത്തെടുത്തതെന്ന് ഏജന്റ് മുറാദ് ഉസുന്‍മെഹ്‌മെദ് വ്യക്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവര്‍ക്ക് വേണ്ടിയും മധ്യനിര താരം കളിച്ചിട്ടുണ്ട്.

മുറാദ് വിശദീകരിക്കുന്നതിങ്ങനെ… ”ഇടിഞ്ഞുവീണ കെട്ടിടങ്ങള്‍ ഇടയില്‍ നിന്ന് അറ്റ്‌സുവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. അദ്ദേഹം ഉപയോഗിച്ചിരുന്നു മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും ഇപ്പോഴും പുറത്തെടുത്തുകൊണ്ടിരിക്കുന്നു.” മുറാദ് പറഞ്ഞു. ടര്‍ക്കിഷ് ലീഗില്‍ ഹതായ്‌സ്‌പോറിന്റെ താരമായിരുന്നു 31കാരനായ അറ്റ്‌സു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തെക്കന്‍ പ്രവിശ്യയായ ഹതായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് ഹതായ്‌സ്‌പോര്‍.

രക്ഷപെടുത്തിയെന്ന വിവരം ഹതായ്‌സ്‌പോര്‍ വൈസ് പ്രസിഡന്റ് മുസ്തഫ ഒസത് സ്ഥിരീകരിച്ചിരുന്നു. താരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഭൂകമ്പത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ ടീമിനായി വിജയ ഗോള്‍ നേടിയിരുന്നു അറ്റ്‌സു. തുര്‍ക്കി സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയാണ് താരം ടീമിന്റെ വിജയനായകനായത്.

കഴിഞ്ഞ സെപ്തംബറിലാണ് തുര്‍ക്കി ക്ലബ്ബിനൊപ്പം ചേരുന്നത്. അഞ്ചു സീസണ്‍ ന്യൂകാസിലിനു വേണ്ടി പന്തു തട്ടിയ താരം 2021ല്‍ സൗദി ക്ലബായ അല്‍റാഇദിനൊപ്പം ചേര്‍ന്നു. സൗദിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് തുര്‍ക്കി ലീഗിലെത്തുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഉണ്ടായത്. ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന തുര്‍ക്കിക്ക് സഹായവാഗ്ദാനവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ലിയോണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരെല്ലാ സഹായമഭ്യര്‍ത്ഥിക്കാനുണ്ടായിരുന്നു.