പ്രവാസികളുമായി നാലാമത്തെ വിമാനവുമെത്തി; ബഹ്‌റൈനില്‍ നിന്ന് 177 പേര്‍

0

ബഹ്റൈനിൽ നിന്നുള്ള പ്രവാസികളും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തി. 30 ഗർഭിണികളടക്കം 177 യാത്രക്കാരും അ‍ഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 11. 25 നാണ് വിമാനം കൊച്ചിയിൽ ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ എത്തിയവരെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കും.

74 പുരുഷൻമാരും 15 ആൺകുട്ടികളും 78 വനിതകളും 10 പെൺകുട്ടികളുമടങ്ങുന്ന സംഘമായിരുന്നു യാത്രക്കാർ. എംബസി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിലുള്‍പ്പെട്ടവരാണ് ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസ തീര്‍ന്നവര്‍ തുടങ്ങിയവരാണ് മുന്‍ഗണന പ്രകാരം ആദ്യം നാടിന്‍റെ കരുതലിലേക്ക് മടങ്ങിയെത്തിയത്.

ഇവരിൽ അടിയന്തര ചികിത്സാർഥം നാട്ടിലേയ്ക്കു വരണമെന്നാവശ്യപ്പെട്ട് എത്തുന്നത് നാലു പേരാണ്. സന്ദർശക വീസയിൽ പോയവരാണ് രണ്ടു പേർ. അടിയന്തര ചികിത്സയ്ക്ക് എത്തുന്നവരെ ആശുപത്രിയിലേയ്ക്കും ഗർഭിണികളെയും പ്രായമായവരെയും കുട്ടികളെയും വീടുകളിലേയ്ക്കും ബാക്കിയുള്ളവരെ എറണാകുളത്തും വിവിധ കേന്ദ്രങ്ങളിലും സജ്ജമാക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കും അയക്കും.

എറണാകുളം ജില്ലക്കാരായ 35 പേരാണ് ബഹ്റൈൻ–കൊച്ചി വിമാനത്തിൽ ഉണ്ടായിരുന്നത്. തൃശൂരിൽ നിന്ന് 37, കോട്ടയം 23, ആലപ്പുഴ 14, ബെംഗളുരു 3, ഇടുക്കി 7, കണ്ണൂർ‌ 2, കാസർകോട്, മധുര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് 1 വീതം, കൊല്ലം 10, കോഴിക്കോട് 4, മലപ്പുറം 5, പാലക്കാട് 15, പത്തനംതിട്ട 19 എന്നിങ്ങനെയായിരുന്നു യാത്രക്കാർ.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ ‘വന്ദേ ഭാരത്’ മിഷന്റെ ഭാഗമായി കേരളത്തിലെത്തുന്ന നാലാമത്തെ വിമാനമാണിത്.കൊച്ചിയില്‍ വ്യാഴാഴ്ച രാത്രി അബുദാബിയില്‍ നിന്നെത്തിയ വിമാനമാണ് മിഷന്റെ ഭാഗമായി കേരളത്തിലെത്തിയ ആദ്യ വിമാനം. കോഴിക്കോട് വ്യാഴാഴ്ച ദുബായില്‍ നിന്നും വെള്ളിയാഴ്ച റിയാദില്‍ നിന്നും ഓരോ വിമാനമെത്തി.