ജൂലൈ 21 വരെ യുഎഇയിലേക്ക് സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

1

ദുബൈ: യുഎഇയിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. ഇതിന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഒഴിവുള്ള മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ അറിയിച്ചു. എന്നാല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വണ്‍വേ യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. നേരത്തെ ജൂലൈ ആറ് വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് നീട്ടിയത്.

ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകളില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സും അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരില്‍ യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് കഴിഞ്ഞ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ചില വിമാനക്കമ്പനികള്‍ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിര്‍ത്തിവെച്ചു.

ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യുഎഇയിലെത്താന്‍ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, യുഎഇ പൗരന്മാര്‍, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവര്‍ എന്നിവര്‍ക്ക് ഈ തീരുമാനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.