നീതി വേണ്ടത് അമ്മയ്ക്കല്ല, കുഞ്ഞിനാണ്

0

തിരുവനന്തപുരം പേരുർക്കടയിൽ നൊന്തു പ്രസവിച്ച കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ എന്ന യുവതി ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു എന്ന വാർത്തയാണ് ഏറ്റവും പുതുതായി വന്നിട്ടുള്ളത്. ഏറെ വിവാദ കോലാഹലങ്ങളുണ്ടാക്കാൻ കുഞ്ഞിനെ തേടിയുള്ള അനുപമയുടെ ആവശ്യം കാരണമായിത്തീർന്നിട്ടുണ്ട്. ഒടുവിൽ കുഞ്ഞിനെ അനുപമയ്ക്ക് തന്നെ തിരിച്ചു ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിലാണ് അനുപമയും കുഞ്ഞിൻ്റെ പിതാവായ കാമുകനും നിരാഹര സമരം അവസാനിപ്പിച്ചത്.

യഥാർത്ഥത്തിൽ ഇവിടെ നീതിയും സ്നേഹവും അവകാശവും നിഷേധിക്കപ്പെട്ടത് അനുപമ പ്രസവിച്ച കുഞ്ഞിന് തന്നെയാണ്. അനുപമയ്ക്ക് യാതൊരു വിധത്തിലുമുള്ള നീതിയും അവകാശവും നിഷേധിക്കപ്പെട്ടിട്ടില്ല. ആ യുവതി അറിഞ്ഞു കൊണ്ടു തന്നെയാണ് സംഭവങ്ങളെല്ലാം നടന്നിട്ടുള്ളത്. രാഷ്ടീയ പ്രവർത്തകയും പുരോഗമന ചിന്താഗതിയുമുണ്ടെന്ന് അവകാശപ്പെടുന്ന യുവതി ചതിക്കപ്പെട്ടതാണെന്ന നിഗമനത്തിലെത്താൻ ന്യായങ്ങളൊന്നുമില്ല. യഥാർത്ഥത്തിൽ ചതിക്കപ്പെട്ടത് യുവതിയുടെ കാമുകൻ്റെ ആദ്യ ഭാര്യയാണ്. അതിൽ അനുപമയുടെ പങ്ക് വളരെ വലുതാണ്. എങ്കിലും നൊന്തു പ്രസവിച്ച കുഞ്ഞിനെ വളർത്തേണ്ടത് മാതാവ് തന്നെയാണ്.

മാതൃസ്നേഹവും മാതൃവാത്സല്യവും ആ കുഞ്ഞിന് അവകാശപ്പെട്ടതാണ്. ഈ സ്നേഹവും വാത്സല്യവും നിഷേധിക്കാൻ ബോധപൂർവ്വം കൂട്ടുനിന്ന അനുപമയ്ക്കെതിരെ നീതി നിഷേധത്തിന് നടപടിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇതിന് കൂട്ടുനിന്ന ശിശുക്ഷേമ സമിതിയും അതിൻ്റെ രാഷ്ടീയക്കാരായ നായകന്മാരും ഇവിടെ പ്രതികൾ തന്നെയാണ്. പിറന്നു വീണ കുഞ്ഞിന് നീതി നിഷേധിക്കാൻ ഒത്താശ ചെയ്തവർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരാണോ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ സംഭവം ഒതുക്കാൻ ഒത്താശ ചെയ്തവർ വാർത്തയായപ്പോൾ, പുറം ലോകം സംഭവമറിഞ്ഞപ്പോൾ രക്ഷകരായി വേഷം കെട്ടിയെത്തി പ്രസ്താവനകളുമായി രംഗത്തെത്തുന്നതിനെ ലജ്ജാകരം എന്ന് തന്നെയാണ് വിശേഷിപ്പിക്കാൻ കഴിയുകയുള്ളു’.

രക്ഷകരുടെ വേഷം അവർക്ക് ഒട്ടും അനുയോജ്യമല്ല. തിരിച്ചു ലഭിച്ചാലും ഈ മാതാവ് കുഞ്ഞിനെ കരുതലോടെ, വാത്സല്യത്തോടെ വളർത്തുമെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ലതാനും. ഇതിനകം ഈ കുഞ്ഞിനെ ദത്തെടുത്ത് സ്നേഹ വാത്സല്യങ്ങൾ പകർന്ന് നൽകിയ ദമ്പതിമാർക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങൾക്ക് എത് അവകാശ കമ്മീഷനും ക്ഷേമസമിതിയുമാണ് ഉത്തരം നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.