ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ, ഉത്തരവിറക്കി പൊതുഭരണ വകുപ്പ്

0

തൃശ്ശൂർ: അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കെഎം വാസുദേവൻ നമ്പൂതിരിപ്പാട് എന്ന ആർട്ടിസ്റ്റ് നമ്പൂതിരി ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനായിരുന്നു. രാജാ രവി വർമ പുരസ്കാരം, സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ബാലസാഹിത്യ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മൃതദേഹം തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി പ്രമുഖരാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ ഇവിടേക്ക് എത്തിച്ചേരുന്നത്. നടൻ മോഹൻലാലിന് വേണ്ടി അക്കാദമിയിൽ ആന്റണി പെരുമ്പാവൂർ റീത്ത് സമർപ്പിച്ചു. ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് 6 മണിയോടെ എടപ്പാളിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, നടൻ വികെ ശ്രീരാമൻ, കവികളായ റഫീഖ് അഹമ്മദ്, ആലങ്കോട് ലിലാകൃഷ്ണൻ തുടങ്ങിയവർ എടപ്പാളിലെ വീട്ടിലെത്തി ആർട്ടിസ്റ്റ് നമ്പൂതിരിക്ക് അന്തിമോപചാരം അർപ്പിച്ചു. ഇന്ന് വൈകിട്ട് നാല് മണിവരെ തൃശൂ‍ർ ലളിതകലാ അക്കാദമി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പിന്നീട് എടപ്പാൾ നടുവട്ടത്തെ വീട്ടുവളപ്പിൽ എത്തിച്ച് സർക്കാർ ബഹുമതികളോടെ സംസ്കരിക്കും.

ഈ മാസം ഒന്നിനാണ് ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യകാല ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് വരെ ചിത്രകലാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മൂന്ന് തലമുറയിലെ എഴുത്തുകാർക്ക് വേണ്ടി കഥാപാത്ര രൂപകൽപ്പന ചെയ്തിട്ടുണ്ട് നമ്പൂതിരി. നമ്പൂതിരി നൽകിയ മുഖച്ഛായയിലൂടെയാണ് പല കഥാപാത്രങ്ങളും മനസ്ലിൽ പതിഞ്ഞതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.