ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

0

നടന്‍ ആര്യയ്ക്കും നടി സയേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. സുഹൃത്തും നടനുമായ വിശാൽ തന്റെ ട്വിറ്റർ പേജിലാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. താൻ ഒരു അമ്മാവനായി എന്നായിരുന്നു വിശാലിന്റെ ട്വീറ്റ്.

2019 മാര്‍ച്ചിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. 2015ല്‍ പുറത്തെത്തിയ ‘അഖില്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലെത്തിയ ആളാണ് സയേഷ.

സന്തോഷ് പി ജയകുമാറിന്‍റെ സംവിധാനത്തില്‍ 2018ല്‍ റിലീസ് ചെയ്യപ്പെട്ട ‘ഗജിനീകാന്തി’ലാണ് ആദ്യമായി ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചത്. ആ സെറ്റില്‍ വച്ച് അടുപ്പത്തിലായ ഇരുവരും 2019ലെ വാലന്‍റൈന്‍ ദിനത്തില്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. വിവാഹിതരാവാനുള്ള തീരുമാനത്തെക്കുറിച്ചും പറഞ്ഞു.

ആര്യ നായകനായ പുതിയ ചിത്രം സർപാട്ടെ പരമ്പരൈ പ്രേക്ഷകർക്കിടയിൽ ഗംഭീരപ്രതികരണം നേടുമ്പോഴാണ് ഈ സന്തോഷവാർത്തയും താരത്തെ തേടിയെത്തിയിരിക്കുന്നത്.