ലഹരിമരുന്ന് കേസ്; അന്വേഷണ ചുമതലയിൽ നിന്നും സമീർ വാങ്കഡെയെ നീക്കി

0

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ മാറ്റി. കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. രാവിലെ ഷാരൂഖ് ഖാന്റെ മാനേജരും ലഹരിമരുന്ന് കേസിലെ സാക്ഷിയായ കിരൺ ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അന്വേഷണ ചുമതലയിൽ നിന്നും നീക്കിയത്. ഇനി മുതൽ എൻസിബിയുടെ പ്രത്യേക സംഘമാകും ആര്യനെതിരെ അന്വേഷണം നടത്തുക.

ആര്യൻ ഖാൻ കേസ് അടക്കം എൻസിബി മുംബൈ സോണൽ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ഇതൊരു തുടക്കം മാത്രമാണെന്നായിരുന്നു സമീർ വാങ്കഡെയെ മാറ്റിയ നടപടിയോട് മഹാരാഷ്ട്ര എൻസിബി മന്ത്രി നവാബ് മാലിക്കിന്റെ പ്രതികരണം. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും എൻസിപി മന്ത്രി പറഞ്ഞു. സമീർ വാങ്കഡെയ്ക്ക് എതിരെ തുടർച്ചയായി വിമർശനങ്ങളുന്നയിച്ച മന്ത്രി, വാങ്കഡെയുടേത് ആഢംബര ജീവിതമാണെന്നും ഷാരുഖിൽ നിന്ന് പണം തട്ടാനാണ് ആര്യനെ കുടുക്കിയതെന്നുമായിരുന്നും ആരോപിച്ചിരുന്നു. പദവി ദുരുപയോ​ഗം ചെയ്ത് പലരിൽ നിന്നായി സമീർ വാങ്കഡെ കൈക്കൂലി വാങ്ങിയതായും മന്ത്രി വിമർശിച്ചിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ നിന്നും പുറപ്പെട്ട ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതോടെ സമീര്‍ വാങ്കഡെക്ക് ഹീറോ പരിവേഷമായിരുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനെന്ന് സമീര്‍ വാഴ്ത്തപ്പെട്ടു. എന്നാല്‍ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയിലിന്‍റെ വെളിപ്പെടുത്തലോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ നടന്ന ആര്യന്‍ കേസിലെ ‘ഡീല്‍’ സംഭാഷണം താന്‍ കേട്ടു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഷാരൂഖില്‍ നിന്നും 25 കോടി തട്ടാനായിരുന്നു അവരുടെ പദ്ധതിയെന്നും അതില്‍ എട്ട് കോടി സമീര്‍ വാങ്കഡെക്കുള്ളതാണെന്ന് താന്‍ കേട്ടെന്നും സെയില്‍ സത്യവാങ്മൂലം നല്‍കി. പിന്നാലെ സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. അതിനിടെ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ കേസ് അന്വേഷണ ചുമതലയില്‍ നിന്നും വാങ്കെഡെയെ നീക്കുകയും ചെയ്തു.