അസം മറ്റൊരു അഫ്ഗാനിസ്ഥാനോ?

0

അഫ്ഗാനിസ്ഥാനിൻ്റെ വർത്തമാന രാഷ്ടീയ അവസ്ഥയോർത്ത് നമ്മുടെ പ്രധാനമന്ത്രി നെടുവീർപ്പിടുകയാണ് ‘ താലിബാൻ്റെ ഭരണകൂട ഭീകരത അഫ്ഗാൻ ജനതയുടെ സ്വൈര്യം നഷ്ടപ്പെടുത്തിയതിൽ ഏറെ ഖിന്നനാണ് ഇന്ത്യൻ പ്രധാന മന്ത്രി. ഐക്യ രാഷ്ട്രസഭയുടെ എഴുപത്തി ആറാം സമ്മേളനത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര ദാമോദർ ദാസ് മോദി വികാരവിവശനായിട്ടാണ് സംസാരിച്ചിരുന്നത്. അഫ്ഗാനിസ്താൻ്റെ മണ്ണ് ഭീകരരുടെ വിഹാര രംഗമായിത്തീർന്നു കൂടെന്നും ആ രാജ്യത്തിൻ്റെ ദുർബലാവസ്ഥ മറ്റാരും മുതലെടുക്കാൻ അനുവദിക്കരുതെന്നും അസന്നിഗ്ദ്ധമായ ഭാഷയിലാണ് നമ്മുടെ പ്രധാന മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളത്. അങ്ങകലെ ഇന്ത്യക്ക് പുറത്ത് നിന്ന് കോരിത്തരിപ്പിക്കുന്ന ഭാഷയിൽ സംസാരിക്കുന്ന നരേന്ദ്ര മോദി ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ സ്വന്തം രാഷ്ടത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു നിമിഷമെങ്കിലും ഓർക്കേണ്ടതായിരുന്നു. ഏറ്റവും ചുരുങ്ങിയത് അസമിൽ അരങ്ങേറുന്ന ഭരണകൂട ഭീകരതയുടെ ദൃശ്യങ്ങളെങ്കിലും മനസ്സിൽ മിന്നിത്തിളങ്ങേണ്ടതായിരുന്നു.

പിറന്നു വീണ മണ്ണിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കപ്പെട്ട അസമീസ് പൗരൻമാരുടെ ദീനരോദനം എന്തേ നമ്മുടെ പ്രധാനമന്ത്രിയുടെ കർണ്ണങ്ങളിൽ പതിക്കാതെ പോകുന്നത്? അസമിലെ ദുരവസ്ഥയുടെ ഭീഭത്സമായ ചിത്രങ്ങളൊന്നും നമ്മുടെ പ്രധാനമന്ത്രിയുടെ ദൃഷ്ടി പഥങ്ങളിൽ തെളിയാത്തത് എന്ത് കൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്വന്തം രാജ്യത്തിൽ ജീവിക്കാൻ പൗരന്മാർക്ക് അവകാശവും അവസരവും നിഷേധിക്കുന്ന ഒരു ഭരണാധികാരിക്കും അന്യ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള അവകാശമില്ലെന്നുള്ള തിരിച്ചറിവെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ഇന്ന് നമ്മുടെ അസമും വംശീയ ഭീകരതയുടെ പാതയിലാണെന്ന കാര്യത്തിൽ തർക്കമില്ല. അസം നിറം മാറിയ മറ്റൊരു അഫ്ഗാനിസ്ഥാൻ ആകരുതെന്ന് നമ്മുടെ പ്രധാനമന്ത്രിയെ ആരാണ് ഓർമ്മപ്പെടുത്തേണ്ടത്?