അറ്റ്‍ലസ് രാമചന്ദ്രൻ അന്തരിച്ചു

0

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പ് വ്യവസായ സംരംഭത്തിന്റെ ചെയര്‍മാനാണ്. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്.

നിശ്ചയദാര്‍ഢ്യവും പോരാട്ടവും കൊണ്ട് തന്റേതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ എംഎം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍, ജീവിതത്തിലെ കൊടിയ പ്രതിസന്ധികളിയും പുഞ്ചിരിയോടെ പിടിച്ചുനിന്ന അപൂര്‍വ വ്യക്തിത്വത്തിനുടമാണെന്ന് നിസംശയം പറയാം.
കാനറാ ബാങ്ക് ജീവനക്കാരനായാണ് അറ്റ്ലസ് രാമചന്ദ്രന്‍ കരിയര്‍ ആരംഭിച്ചത്.1974 മാര്‍ച്ചിലാണ് അദ്ദേഹം കുവൈത്തിലേക്ക് പോവുന്നത്. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്തിലെ ജോലിക്കിടയിലാണ് ജ്വല്ലറി ബിസിനസിലേക്ക് തിരിഞ്ഞത്. 1981 ഡിസംബറിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ ആദ്യത്തെ ജ്വല്ലറി തുടങ്ങിയത്. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൌദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു.

പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയിലെ നിരവധി കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഹെല്‍ത്ത് കെയര്‍ രംഗത്തും റിയല്‍ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. അറ്റ്ലസ് ഹെല്‍ത്ത് കെയര്‍ ആശുപത്രി നിരവധി മലയാളികള്‍ക്ക് സഹായകരമായിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പ്രിയപ്പെട്ടവരോടൊപ്പം തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അതിര്‍ത്തികള്‍ കടന്ന് അറ്റ്‌ലസ് എന്ന ബിസിനസ് സംരംഭം വളര്‍ന്നപ്പോഴും തളര്‍ന്നപ്പോഴും തളരാത്ത വ്യക്തിത്വമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റേത്.