പിഴ ചുമത്തുന്നത് മഹാ അപരാധമല്ല – മുഖ്യമന്ത്രി

0

തിരുവനന്തപുരം :പൊലീസ് പിഴ ചുമത്തുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാലത്ത് പൊലീസ് പിഴ ചുമത്തുന്നത് മഹാഅപരാധമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പൊലീസ് എല്ലാത്തിനും എതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനകീയ സേനയായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്.

ദുരന്തസമയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചു. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഏല്‍പ്പിക്കുന്ന ജോലിയാണ് പൊലീസ് ചെയ്യുന്നത്. 17000 പൊലീസുകാര്‍ക്ക് ഇത് വരെ കൊവിഡ് ബാധിച്ചു. 11 പൊലീസുകാര്‍ മരിച്ചു. നാടിനെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി അവര്‍ അനുഭവിച്ച ദുരിതം കാണാതെ പോകരുത്. അട്ടപ്പാടിയില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്.

കുടുംബകലഹമാണ് തര്‍ക്കത്തിന് കാരണമായത്.ക്രമസമാധാനം നില നിര്‍ത്താനാണ് പൊലീസ് ശ്രമിച്ചതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതിരാവിലെ പൊലീസ് ആദിവാസി ഊരിൽ പോയത് എന്തിനെന്ന് അന്വേഷിക്കും. കുറ്റകൃത്യം ഉണ്ടായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദിവാസി ഊരിലെത്തിയത്. ഊരൂമൂപ്പനും മകനും ക്രമസമാധാനം തകർക്കാനുള്ള ശ്രമം നടത്തയെന്നും മുഖ്യമന്ത്രി നിയസഭയിൽ വ്യക്തമാക്കി.

കേരളത്തിൽ പൊലീസ് രാജാണ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആരോപിച്ചിരുന്നു. നിരവധി വിമർശനങ്ങളും പൊലീസിനെതിരെ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.