നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാന്‍ ഒരുക്കമെന്ന് ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍

0

വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍ കോടതിയെ അറിയിച്ചു. വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ജാമ്യാപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഇവരുടെ കേസ് ഓഗസ്റ്റ് 12ന്‌ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒന്‍തുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

വാന്‍ലൈഫ് എന്ന പേരില്‍ വാനില്‍ യാത്രകള്‍ നടത്തുന്ന സഹോദരങ്ങള്‍ ഉപയോഗിക്കുന്ന ‘നെപ്പോളിയന്‍’ വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നു. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാനെന്ന പേരില്‍ തിങ്കളാഴ്ച രാവിലെ എത്തിയ ഇവര്‍ ആര്‍.ടി.ഒ. കണ്‍ട്രോള്‍ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.