ഇനി ചേർത്തലയിൽ നിന്നും ട്രെയിൻ പിറക്കും; ഓട്ടോകാസ്റ്റിന് ട്രെയിൻ ബോഗി നിർമിക്കാൻ അനുമതി

0

ആലപ്പുഴ: ചേർത്തല ഓട്ടോകാസ്റ്റിന് റെയിൽവേ ബോഗി നിർമിക്കാൻ ഓർഡർ ലഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാസ്ഥാപനത്തിന് റെയിൽവെ ബോഗി നിർമിക്കാനുള്ള ഓർഡർ. ഉത്തര റെയില്‍വെയുടെ ബോഗി നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്താണ് ഓട്ടോകാസ്റ്റ് ഓര്‍ഡര്‍ സ്വന്തമാക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാസ്ഥാപനത്തിന് റെയിൽവെ ബോഗി നിർമിക്കാനുള്ള ഓർഡർ ലഭിക്കുന്നത്. ഈ മേഖലയിലെ പരിചയസമ്പന്നരെ പിന്നിലാക്കിയാണ് ഓട്ടോകാസ്റ്റ് ഓര്‍ഡര്‍ സ്വന്തമാക്കിയത്.

തുടക്കക്കാർ എന്ന നിലയിൽ അഞ്ചുശതമാനം ബോഗി നിർമിക്കാനുള്ള ഓർഡർ മാത്രമേ ഓട്ടോകാസ്റ്റിനു ലഭിക്കൂ. റെയില്‍വെ നിശ്ചയിച്ച നിലവാരത്തില്‍ ബോഗി നിര്‍മ്മിച്ചു നല്‍കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ യോഗ്യത നേടാം. തുടര്‍ന്ന് 20 ശതമാനം ബോഗികള്‍ നിര്‍മ്മിക്കാം. ഈ 20 ശതമാനം ബോഗികളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ ഒന്നാമതെത്തിയാല്‍ ടെന്‍ഡറില്‍ പറയുന്ന മുഴുവന്‍ ബോഗികളും നിര്‍മ്മിക്കാന്‍ സാധിക്കും.

ഉത്തര റെയിൽവേ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന്‌ ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിർമിക്കുക.ബോഗി നിർമാണത്തിനുള്ള ആവശ്യം വർധിച്ചുവരികയാണെന്നും ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ ഓട്ടോകാസ്റ്റിനെ കാര്യമായി പരിഗണിക്കുമെന്നും ഉത്തര റെയിൽവേ അധികൃതർ അറിയിച്ചതായി ഓട്ടോകാസ്റ്റ് എം.ഡി. എ.ശ്യാമള വ്യക്തമാക്കി.

റെയിൽവേയുടെ ഗുണപരിശോധന വിഭാഗമായ റിസർച്ച് ഡിസൈൻ ആൻഡ‌് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന്റ (ആർഡിഎസ്ഒ) ക്ലാസ് എ ഫൗണ്ടറി’ അംഗീകാരം ഈ മാര്‍ച്ചിലാണ് ഓട്ടോകാസ്റ്റ് സ്വന്തമാക്കിയത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടോകാസ്റ്റിൽ ബോഗി നിർമിച്ചിട്ടുണ്ട്. 1984ലാണ് ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റ് സ്ഥാപിതമാകുന്നത്.

പുതിയ ബോഗി നിർമിക്കാനായി ആർ.ഡി.എസ്.ഒ.യുടെ ലക്‌നൗ കേന്ദ്രത്തിൽനിന്നാണ് ഡിസൈൻ ശേഖരിക്കുക.നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടോകാസ്റ്റിൽ ബോഗി നിർമിച്ചിട്ടുണ്ട്. ഓട്ടോകാസ്റ്റിലെ എൻജിനീയർമാരും തൊഴിലാളികളുമാണ് ഇതിൽ പങ്കാളികളായത്.