പാപ്പിനിശ്ശേരി സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത്; മികച്ച ബ്ലോക്ക് പഞ്ചായത്ത് നെടുമങ്ങാട്

0

തിരുവനന്തപുരം: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ 2018–19ലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയാണ് കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിക്ക് ലഭിച്ചത്. മുളന്തുരുത്തി (എറണാകുളം), വീയപുരം (ആലപ്പുഴ) എന്നിവയ്ക്കാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനെ മികച്ച ബ്ലോക്ക് പഞ്ചായത്തായയും തിരഞ്ഞെടുത്തു. തിരുവനന്തപുരമാണ് മികച്ച ജില്ലാ പഞ്ചായത്ത്. രണ്ടാം സ്ഥാനം കണ്ണൂരിനാണ്. മൂന്നാം സ്ഥാനം കൊല്ലം, എറണാകുളം ജില്ലാ പഞ്ചായത്തുകൾ പങ്കിട്ടു.

തദ്ദേശ സ്വയംഭരണമന്ത്രി എ.സി. മൊയ്തീനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2018-19 ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അര്‍ഹത നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളാണ് ഇവ.

സംസ്ഥാന തലത്തില്‍ മൂന്നു വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനം നേടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 25 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരമായി നല്‍കുക. രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ജില്ലാ തലത്തില്‍ അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേകം ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. പുരസ്‌കാരം ഈ മാസം 18 നും 19 നും വയനാട് വൈത്തിരിയില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ വിതരണം ചെയ്യും.