കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍

0

തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു കെ.സുരേന്ദ്രന്‍. സുരേന്ദ്രനൊപ്പം എം.ടി.രമേശിനേയും ശോഭാ സുരേന്ദ്രനേയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുരേന്ദ്രൻ.

വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാണ് സുരേന്ദ്രനെ ബി.ജെ.പി അദ്ധ്യക്ഷനാക്കുന്നത്. പാർട്ടിയെ ശക്തമാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. പാർട്ടി ഏറ്റെടുത്തിട്ടുള്ള ജനകീയ സമരങ്ങൾക്കെല്ലാം മുൻപന്തിയിൽ സുരേന്ദ്രൻ ഉണ്ടായിരുന്നു.

ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തിൽ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചിരുന്നു സുരേന്ദ്രൻ. ഇത് ഒരു വിഭാഗം വിശ്വാസികളിൽ വലിയ സ്വാധീനമുണ്ടാക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടിയ സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചു.