‘കലാഭവൻ സോബിയും അർജുനും പറഞ്ഞത് കള്ളം; ബാലഭാസ്‌കറിന്റേത്‌ അപകടമരണമെന്ന നിഗമനത്തില്‍ സി.ബി.ഐ

0

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തിൽ സിബിഐ. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി സിബിഐയുടെ പുതിയ കണ്ടെത്തൽ.

വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കളളമാണെന്ന് തെളിഞ്ഞു. കലാഭാവന്‍ സോബി പറഞ്ഞതും കളളമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ബാലഭാസ്‌കറുമായി ബന്ധമുളള നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.

ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, കേസില്‍ നിരവധി ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. കലാഭവന്‍ സോബിയെ രണ്ടുതവണയും മറ്റുളളവരെ ഒരു തവണയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ കെ. സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കലാഭവൻ സോബിയുടെ മൊഴിയിൽ സിബിഐ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.