രഹ്‌ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു

0

കൊച്ചി: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്ന് രഹ്ന ഫാത്തിമ ആരോപിച്ചു.

ബി.എസ്.എന്‍.എല്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് നോട്ടീസ് രഹ്നയ്ക്ക് കൈമാറിയത്. ശബിരമല പ്രവേശനത്തിന് ശ്രമിച്ചതിലൂടെ രഹ്ന നിരവധിയാളുകളുടെ മതവികാരം വ്രണപ്പെടുത്തിയാതായി ബി.എസ്.എല്‍.എല്‍ നിയോഗിച്ച പ്രത്യക അന്വേഷണസംഘം കണ്ടെത്തിയതായി നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പിരിച്ചുവിടലിനു പിന്നിലെ കാരണം എന്തെന്ന് ബിഎസ്എന്‍എല്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല ബി.എസ്.എൻ.എല്ലിൽ അസിസ്റ്റന്റ് എന്‍ജിനീയറാണ് രഹ്ന ഫാത്തിമ.

2018ല്‍ തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ മലകയറാന്‍ രഹ്ന ഫാത്തിമയും എത്തിയിരുന്നു. കോടവിവിധിയെ തുടര്‍ന്ന് പൊലിസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കിയിരുന്നെങ്കിലും പതിനെട്ടാംപടിക്കു മുന്നിലെ നടപ്പന്തലില്‍ ഭക്തര്‍ ഇവരെ തടഞ്ഞു. ഭക്തരുടെ പ്രതിഷേധം ശക്തമായപ്പോള്‍ പതിനെട്ടാംപടി കയറാതെ ഇരുവരും മടങ്ങിയിരുന്നു.

ശബരിമലയില്‍ എത്തുന്നതിന് മുമ്പ് തത്വമസി എന്ന കുറിപ്പിനൊപ്പം സഭ്യമല്ലാത്ത രീതിയിലിരിക്കുന്ന ചിത്രമാണ് രഹ്ന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കറുപ്പുടുത്ത് മാലയിട്ട ശേഷമാണ് രഹ്ന അത്തരത്തിലൊരു ചിത്രം പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചുവെന്ന് കാണിച്ച് ബിജെപി നേതാവ് ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന അറസ്റ്റിലായത്. ഇതിന്റെ ഭാഗമായുള്ള കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുമ്പോഴാണ്ഈ നടപടി.