മരിച്ച അമ്മക്കുറുക്കന്‍റെ വയര്‍ കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തു; അവർക്ക് പുനർജ്ജന്മം നൽകി; മാതൃകയായി ഈ ഇരുപത്തിനാലുക്കാരൻ

0

വഴിയരികിൽ ഒരാൾ മറിക്കാൻ കിടക്കുകയാണെങ്കിൽപോലും തിരിഞ്ഞു നോക്കാതെ സ്വാർത്ഥരായി ഓടുന്നവരുടെ കാലമാണിത്.സ്വന്തം കൂടപ്പിറപ്പിനോടുപോലും സ്നേഹം കാണിക്കാതെ കൊലവിളിനടത്തുന്നവരുടെ ലോകം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ്. ഇംഗ്ലണ്ടിലെ സസെക്‌സ് കൗണ്ടിയിലുള്ള ക്രിസ് റോൾഫ് എന്ന ഇരുപത്തിനാലുകാരനായ ഗ്രാമീണ കർഷകൻ. നമ്മളൊന്നും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു കാര്യം ചെയ്താണ് ക്രിസ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയത്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ നമ്മളിലാരും ചെയ്യാൻ മുതിരാതെ ഒരു കാര്യമാണ് ക്രിസ് ചെയ്തത്.

രാത്രി ഏറെ വാക്കി വീട്ടിലേക്ക് വണ്ടിയോടിച്ചുവരുന്ന ക്രിസ് ഹെഡ്‌ലൈറ്റിന്റെ വെട്ടത്തിൽ യാദൃച്ഛികമായിട്ടാണ്, പരിക്കേറ്റു മരിച്ചു കിടക്കുന്ന ഗർഭിണിയായ ആ കുറുക്കന്റെ ശരീരം കാണാൻ ഇടയായത്. പരിക്കേറ്റു മരിച്ചു കിടക്കുന്ന കുറുക്കൻ ഗർഭിണിയാണെന്നും അതിന്റെ വയറ്റിൽ നിന്നും ജീവന്റെ തുടിപ്പുകൾ ശ്വാസം കിട്ടാതെ പിടയുന്നതും ക്രിസ് കണ്ടു.അയാൾ ഡോക്ടറോ നഴ്സോ ഒന്നുമായിരുന്നില്ല. ആശുപത്രികളുമായി വിദൂരബന്ധം പോലുമുണ്ടായിരുന്നില്ല തൊഴിൽപരമായി അയാൾക്ക്. പക്ഷേ, അയാൾ ഒട്ടേറെ വളർത്തുമൃഗങ്ങളെ പോറ്റിയ പരിചയമുള്ള ഒരു കർഷകനായിരുന്നു.

ആ കുറുക്കന്റെ വയറ്റിനുളിൽ ഒന്നിലധികം കുഞ്ഞുങ്ങൾ അപ്പോഴും കിടന്നു പിടയ്ക്കുന്നുണ്ടെന്നും, താൻ ഉടനടി എന്തെങ്കിലും ചെയ്തിലെങ്കിൽ അവിടെ ഒന്നിലധികം മരണങ്ങൾ നടക്കുമെന്നും മനസിലാക്കിയ ക്രിസ് തിരികെനടന്ന് കാറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കൊണ്ടുവന്ന് മരിച്ചു കിടന്ന ആ കുറുക്കന്റെ വയറ്റിൽ ക്രിസ് ഒരു എമർജൻസി സി സെക്ഷൻ ചെയ്തു. വയറിനുള്ളിൽ വീർപ്പുമുട്ടിക്കിടന്ന നാലു കുറുക്കൻ കുഞ്ഞുങ്ങളെ അയാൾ വയറുകീറി പുറത്തെടുത്തു. നാലാമത്തെ കുറുക്കൻ കുഞ്ഞും പുറത്തുവന്നപ്പോഴേക്കും നേരം പാതിരാത്രി.

തന്റെ ഫാമിലെ ആടുകളിൽ ഇതുപോലെ സിസേറിയൻ ചെയ്യുന്നത് നേരിൽ കണ്ട് മുന്പരിചയമുണ്ടായിരുന്നു ക്രിസിന്. ആ ഒരു ധൈര്യത്തിനായിരുന്നു അയാളിത് ചെയ്തത്. കുഞ്ഞുങ്ങളെ തന്റെ കോട്ടിന്റെ പോക്കറ്റിലിട്ട് ക്രിസ് വേഗം വണ്ടിയോടിച്ച് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന തന്റെ അമ്മയുടെ വീട്ടിലെത്തി. എന്തായാലും ക്രിസിന്റെ ഈ ഉദ്യമം കൊണ്ട് 4 കുറുക്കൻ കുഞ്ഞുങ്ങൾക്കാണ് ജീവൻ കിട്ടിയത്.

ഇപ്പോൾ ആ കുറുക്കൻ കുഞ്ഞുങ്ങൾക്ക് ഏഴാഴ്ച പ്രായമുണ്ട്. അവയുമൊത്തുള്ള ചിത്രങ്ങൾ ക്രിസ് സാമൂഹ്യമാധ്യമങ്ങളിൽ തന്റെ അനുഭവകഥയോടൊപ്പം പങ്കുവെച്ചിരുന്നു. ജിഞ്ചർ, ബിസ്‌ക്കറ്റ്, ബിഗ് ടിപ്പ്‌ , ലിറ്റിൽ ടിപ്പ്‌ എന്നിങ്ങനെയാണ് അവർക്ക് ക്രിസ് ഇട്ടിരിക്കുന്ന പേരുകൾ. ആ കുഞ്ഞുങ്ങളെ പരിചരിച്ചത് ക്രിസിന്റെ അമ്മയായിരുന്നു. ആദ്യമാദ്യമൊക്കെ ഇടയ്ക്കിടെ പാലുകുടിക്കണമായിരുന്നു പിള്ളേർക്ക്. പിന്നെ പതുക്കെ അത് രണ്ടു മണിക്കൂർ ഇടവിട്ടാക്കി, എന്നിട്ട് മൂന്ന് മണിക്കൂർ ഇടവിട്ട്. ഇപ്പോൾ പാലുകുടി നിർത്തി പൂർണ്ണമായും ഖരാഹാരമാക്കി. പ്രദേശത്തെ കുറുക്കന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘ദി ഫോക്സ് പ്രോജക്ട്’ എന്ന എൻജിഒയുടെ സഹായം അവർക്ക് ലഭ്യമാവുന്നുണ്ട്.

പലരും കുറുക്കന്മാരെ ഇണക്കി വളർത്തുന്നതിനെപ്പറ്റിയൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ക്രിസ് ആ ആശയത്തിന് എതിരാണ്. കുറുക്കന്മാർ പൂർണ്ണമായും വന്യജീവികളാണെന്നും, അവരെ നാട്ടിൽ വളർത്താൻ പാടില്ലെന്നും അയാള്‍ വിശ്വസിക്കുന്നു. ആറുമാസം കഴിയുമ്പോഴേക്കും ഈ കുറുക്കൻ കുഞ്ഞുങ്ങൾ വളരുമെന്നും അപ്പോൾ അവരെ തിരിച്ച് കാടിനുള്ളിൽ കൊണ്ടുചെന്നാക്കാം എന്നുമാണ് ക്രിസിന്റെ തീരുമാനം.എന്തായാലും ഈ മിണ്ടാപ്രാണികളെ രക്ഷിക്കാൻ ക്രിസ് കാണിച്ച ധൈര്യത്തെ അങ്ങേയറ്റം പുകഴ്ത്തിക്കൊണ്ടിരിക്കയാണ് സമൂഹമാധ്യമങ്ങളെല്ലാം തന്നെ.