മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

0

തിരുവനന്തപുരം: സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. മറ്റ് മന്ത്രിമാരുടെയും പരിശോധനാ ഫലം ഉടന്‍തന്നെ പുറത്തുവരും. നിലവില്‍ നിരീക്ഷണത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനം.

കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത മലപ്പുറം കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ഏഴ് മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കളക്ടര്‍ക്ക് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

മലപ്പുറം കളക്ടര്‍ക്ക് പുറമെ സബ് കളക്ടര്‍ക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി യു.അബ്‌ദുൽ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു.

മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയതോടെ ശനിയാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തിന് പതായ ഉയര്‍ത്തുക മന്ത്രി കടകം പള്ളി സുരേന്ദ്രനാകും. മുഖ്യമന്ത്രിയുടെ പ്രസംഗവും പിന്‍വലിച്ചേക്കും. ഏഴു മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോകുന്നതോടെ ആ ജില്ലകളില്‍ പുതിയ ക്രമീകരണം വരും.ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മുഖ്യമന്ത്രിയുടെ വാ ര്‍ത്താ സമ്മേളനവും ഉണ്ടാകില്ല.