സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് സമിതി; സുപ്രധാന പ്രഖ്യാപനങ്ങളുമായി മോദി

0

ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ 74-ാം സ്വാതന്ത്യദിനത്തിൽ പുതിയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം സ്ത്രീശക്തിയെ പ്രകീര്‍ത്തിച്ചത്.

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തിൽ നിലനിൽക്കുന്ന കൊവിഡ് വെല്ലുവിളി ഇന്ത്യയും ഫലപ്രദമായി നേരിടുകയാണെന്നും കൊവിഡിൻ്റെ ആദ്യനാളുകളിൽ പിപിഇ കിറ്റുകളോ വെൻ്റിലേറ്ററുകളോ നിർമ്മിക്കാതിരുന്ന രാജ്യം ഇന്ന് ആ മേഖലകളിലെല്ലാം സ്വയം പര്യാപ്തത നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു

സ്വാതന്ത്രദിനത്തിൽ ചെങ്കോട്ടയിൽ നടന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ നിർണായക പ്രഖ്യാപനങ്ങൾ

110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കേന്ദ്രസർക്കാർ നടപ്പാക്കും. 700 അടിസ്ഥാന വികസനപദ്ധതികൾ സംയോജിപ്പിച്ചായിരിക്കും ഈ ലക്ഷ്യം കൈവരിക്കുക. ഇതിനായി വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ സംയോജിപ്പിക്കും.

ജലസംരക്ഷണവും കുടിവെള്ളവിതരണം ഉറപ്പാക്കലും സ‍ർക്കാരിൻ്റെ പ്രധാന അജൻഡയാണ്. 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു.

നിയന്ത്രണരേഖമുതൽ യഥാ‍ത്ഥനിയന്ത്രണരേഖ വരെ (പാകിസ്ഥാൻ അതി‍ർത്തി മുതൽ ചൈനീസ് അതി‍ർത്തി വരെ) ഏതു തരത്തിലുള്ള വെല്ലുവിളി നേരിടാനും രാജ്യം സജ്ജമാണ്. ഒരു ലക്ഷം എൻസിസി കേഡറ്റുകളെ കൂടി അതിർത്തി ജില്ലകളിൽ വിന്യസിക്കും.

കശ്മീ‍ർ വിഭജനത്തിന് ശേഷം ഇതാദ്യമായി ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കും. മണ്ഡലപുന‍ർ നിർണയം പൂർത്തിയാക്കിയ ശേഷമായിരിക്കും കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

പ്രോജക്ട് ടൈഗർ എന്ന കടുവകളുടെ സംരക്ഷണത്തിനായി നടത്തിയ പദ്ധതി പ്രയോജനം കണ്ടു. ഇതേ മാതൃകയിൽ പ്രോജക്ട് ലയൺ എന്ന പേരിൽ സിംഹ സംരക്ഷണ പദ്ധതിയും നടപ്പാക്കും. ഡോൾഫിനുകളുടെ സംരക്ഷണത്തിനായും പ്രത്യേകപദ്ധതി നടപ്പാക്കും.

പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസിൽ നിന്നും ഉയ‍ർത്തും. ഇക്കാര്യം പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോ​ഗിച്ചു. സമിതിയുടെ റിപ്പോ‍ർട്ടിൽ ഇക്കാര്യത്തിൽ തുട‍ർനടപടി സ്വീകരിക്കും.

6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും.1000 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും.

ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ പ്രഖ്യാപിച്ചു. ആധാ‍ർ കാർഡ് മാതൃകയിൽ രാജ്യത്തെ എല്ലാ പൗരൻമാ‍ർക്കും ഇനി ഹെൽത്ത് ഐഡി കാ‍ർഡ് ലഭ്യമാകും. ഏത് ആശുപത്രിയിൽ ചികിത്സ തേടാനും തുട‍ർചികിത്സ എളുപ്പമാക്കാനും ഹെൽത്ത് ഐഡി കാ‍ർഡ് സഹായിക്കും.

കൊവിഡ് പ്രതിരോധത്തിനായുള്ള മരുന്ന് എത്രയും വേഗം തയ്യാറാക്കാൻ നടപടി സ്വീകരിക്കും. നിലവിൽ മൂന്ന് മരുന്നുകളുടെ പരീക്ഷണം ഇന്ത്യയിൽ തുടരുകയാണ്. ഇവ വിതരണം ചെയ്യാനുള്ള രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.