ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ . സി. ഡാനിയൽ ജീവചരിത്രത്തെയും, വിനു എബ്രഹാമിന്റെ ‘നഷ്ട നായിക’ എന്ന കഥയെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് “സെല്ലുലോയ്ഡ്”. 2012-ലെ മികച്ച ചിത്രത്തിനടക്കമുള്ള ഏഴോളം കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ സെല്ലുലോയിഡിനെ വെറും ഒരു സിനിമ മാത്രമായി പ്രേക്ഷകന് കാണാൻ സാധിക്കില്ല. അതൊരു വേദനിപ്പിക്കുന്ന ചരിത്രം കൂടിയാണ്. ജാതി വ്യവസ്ഥയുടെ കരാള ഹസ്തങ്ങളാൽ കൊല ചെയ്യപ്പെട്ട, തന്മൂലം ലോകം അറിയാതെ പോയ മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം വിഗതകുമാരനാണ് ഇന്നും നമ്മളെ വേദനിപ്പിക്കുന്ന ആ ചരിത്രം .

സിനിമ തുടങ്ങുന്ന രംഗം വളരെ ശ്രദ്ധേയമാണ്. ഒരു കൊച്ചു കുട്ടി ഏതോ സിനിമയുടെ ഫിലിമെല്ലാം വാരി വലിച്ചു പുറത്തിടുകയാണ്. വലിച്ചു വാരിയിട്ട ഫിലിമിൽ അവൻ നിഷ്ക്കളങ്കമായി ചാടിക്കളിക്കുന്നു. പിന്നീട് ആ ഫിലിമെല്ലാം തീയിൽ അലിഞ്ഞു ചേരുന്നതായാണ് കാണാൻ സാധിക്കുന്നത്. ഒരൊറ്റ നോട്ടത്തിൽത്തന്നെ എത്ര നിഷ്കളങ്കൻ എന്ന് തോന്നിക്കുന്ന ആ കുട്ടിയാണ് മലയാള സിനിമാ ചരിത്രത്തിന്റെ അവശേഷിക്കുന്ന ഏക തെളിവിനെ ചുട്ടെരിച്ച വികൃതികുമാരൻ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ജെ. സി. ഡാനിയലിന്റെ ഏറ്റവും ഇളയ മകനായ ഹാരിസ് ഡാനിയൽ ആയിരുന്നു ആ കൊച്ചു കുട്ടി. അവൻ ആ ഫിലിമെല്ലാം ചുട്ടെരിക്കുന്ന സമയത്ത് പിതാവായ ജെ. സി. ഡാനിയൽ അത് നിസ്സംഗതയോടെ നോക്കി നിൽക്കുകയായിരുന്നു. സിനിമയെ ജീവനായിക്കാണുകയും, തിരുവിതാംകൂറിലെ ആദ്യ മലയാള സിനിമ എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി തന്റെ സകല സമ്പാദ്യവും ഉപയോഗിച്ച് ഒരു സിനിമ നിർമിക്കാനും സംവിധാനം ചെയ്യാനും ചങ്കൂറ്റം കാണിക്കുകയും ചെയ്ത ആ മനുഷ്യന് അതെങ്ങനെ നോക്കി നിൽക്കാൻ സാധിച്ചു എന്ന സംശയം പ്രേക്ഷകനുണ്ടായേക്കാം. പക്ഷേ, ആ സംശയങ്ങളെല്ലാം നികത്തപ്പെടുന്നത് ജെ. സി യുടെ ജീവ ചരിത്രത്തിലേക്ക് സിനിമ പ്രേക്ഷകന്റെ കൈ പിടിച്ചു കൊണ്ടുപോകുന്നതിൽ കൂടിയാണ് .

ജെ. സി. ഡാനിയൽ തന്റെ അവസാന കാലത്ത് സിനിമയെ വെറുത്തിരുന്നു എന്ന് പറയുമ്പോഴും സിനിമയിൽ നമുക്ക് കാണാൻ പറ്റുന്ന ഡാനിയലിന്റെ മുഖത്ത് ആ വെറുപ്പ്‌ നിഴലിച്ചതായി കാണപ്പെടുന്നില്ല. അദ്ദേഹം വെറുത്തിരുന്നത് ഒരിക്കലും സിനിമയെ ആകാൻ തരമില്ല. വർഷങ്ങൾക്കു ശേഷം, അഗസ്ത്യപുരത്തെ ഇരുട്ട് മുറിയിൽ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന സമയത്താണ് ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ ഡാനിയലിനെ കാണാൻ വരുന്നതും പഴയ സിനിമ വിശേഷം അന്വേഷിച്ചറിയാൻ ശ്രമിക്കുന്നതും. ആ നേരത്ത് ചേലങ്ങാടിനെ കാണാൻ വിസമ്മതിക്കുകയും ഒരൽപ്പം നീരസത്തോടെ അയാളോട് സംസാരിക്കുകയും ചെയ്യുന്നതിലൂടെ ഡാനിയൽ പ്രകടിപ്പിച്ചത് സിനിമയോടുള്ള വിരോധമോ വെറുപ്പോ അല്ല. മറിച്ച് തിരുവിതാംകൂറിന്റെ ആദ്യ സിനിമയെ തകർത്ത് കളഞ്ഞ ജാതിക്കോമരങ്ങളോടും, രണ്ടാമത് സിനിമയെടുക്കാൻ മദിരാശിയിൽ ചെന്നപ്പോൾ സിനിമയുടെ പേരിൽ തന്റെ സമ്പാദ്യത്തെ ഇല്ലാതാക്കിയവരോടുമുള്ള കടുത്ത അമർഷമായിരുന്നു എന്ന് അനുമാനിക്കുന്നതാകും ഉചിതം.

സിനിമ എന്നത് സകല കലാരൂപങ്ങളുടെയും സംഗമ വേദിയാണ്. അവിടെ ജാതിക്കും മതത്തിനും അതീതമായി നില കൊള്ളുന്നത്‌ കല എന്ന ദൈവികതയാണ്. ആ ദൈവികതക്ക് ജാതി വ്യവസ്ഥയുടെ തൊട്ടു കൂടായ്മകളും ഭ്രഷ്ടും കൽപ്പിക്കാനാണ് വിഗതകുമാരന്റെ ഘാതകരായ ജാതിക്കോമരങ്ങൾ ആഗ്രഹിച്ചത്. സവർണ കഥാപാത്രത്തെ റോസി എന്ന ദളിത്‌ സ്ത്രീ അഭിനയിച്ചു കാണിച്ചതിനെതിരെ തുടങ്ങിയ കാഹളം പിന്നീട് ആ സ്ത്രീയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുന്ന ആഭാസത്തോളം ചെന്നെത്തിയതായി ചരിത്രം പറയുമ്പോൾ സിനിമയിലെ റോസി സമൂഹത്തെ ഭയന്ന് ഇരുട്ടിലെവിടെയോ ഓടി മറയുന്നതായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ആ സാഹചര്യം അത്തരത്തിൽ ചിത്രീകരിക്കുന്നതിൽക്കൂടി സംവിധായകൻ റോസിയുടെ വേദന പ്രേക്ഷകന്റെ മനസ്സിലേക്ക് തള്ളി വിടുകയാണ് ചെയ്തത്. റോസിയുടെ രംഗങ്ങൾ കഴിഞ്ഞ ശേഷവും സിനിമ ഡാനിയലിന്റെ ജീവിതവുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഇരുളിലെവിടെയോ ഓടി മറഞ്ഞ റോസി പ്രേക്ഷകരിൽ അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. സിനിമയിലെ റോസിക്ക് നേരിടേണ്ടി വരുന്ന പീഡനത്തേക്കാൾ കൂടുതൽ ഭീകരമായ അനുഭവങ്ങളാണ് ചരിത്രത്തിലെ പി.കെ റോസി നമ്മളോട് പങ്കു വച്ചിട്ടുള്ളത് എന്നതോര്‍ക്കുമ്പോൾ ആ അസ്വസ്ഥത കൂടുകയും ചെയ്യുന്നു.

റോസി എന്ന കഥാപാത്രത്തെ ഇത്രമേൽ ഉൾക്കൊണ്ടു് അഭിനയിച്ച് ഫലിപ്പിച്ചതിൽ ചാന്ദ്നി എന്ന നടി ഒട്ടേറെ അഭിനന്ദനം അർഹിക്കുന്നു. പൃഥ്വിരാജ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഡാനിയലിന്റെ വേഷം അഭ്രപാളിയിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലു വിളി തന്നെയായിരുന്നു. അതൊട്ടും മോശമാക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതിന്റെ തെളിവ് തന്നെയാണ് അയാൾക്ക്‌ ഇത്തവണ ലഭിച്ച മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്. വേഷഭൂഷാദികൾ കൊണ്ടുള്ള കണ്‍കെട്ട് മാത്രമല്ല സിനിമയിലെ അഭിനയം എന്ന് അക്ഷരാർത്ഥത്തിൽ തെളിയിക്കുകയാണ് പൃഥ്വിരാജ് സെല്ലുലോയ്ഡ്‌ എന്ന സിനിമയിലൂടെ ചെയ്തത്. തുടക്കം മുതലുള്ള തിരുവിതാംകൂർ ശൈലിയിലുള്ള സംസാരവും പട്ടണം റഷീദിന്റെ മികവാർന്ന മേയ്ക്കപ്പും കൂടിയായപ്പോൾ പൃഥ്വിയിലൂടെ ജെ. സി. ഡാനിയൽ പുനർജ്ജനിക്കുക തന്നെ ചെയ്തെന്നു പറയാം. പട്ടണം റഷീദ് എന്ന ചമയക്കാരന്റെ പേര് പല സിനിമകളുടെ ഭാഗമായി സ്ക്രീനിൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും പ്രേക്ഷകന് അത്ര കണ്ട് പരിചയം അയാളോട് തോന്നാൻ ഇടയില്ല. പക്ഷേ സെല്ലുലോയ്ഡിലെ വേഷപ്പകർച്ചകൾ ആസ്വദിച്ച പ്രേക്ഷകന് ഇനി മുതൽ പട്ടണം റഷീദ് സുപരിചിതൻ തന്നെയാകും.

129 മിനുട്ടോളം ദൈർഘ്യമുള്ള ഈ സിനിമയിലെ ഓരോ രംഗത്തിനും കാലാനുസൃതമായ ദൃശ്യ ചാരുത സമ്മാനിക്കുന്നതിൽ ഒരു ഛായാഗ്രാഹകന് എന്തെല്ലാം സാധിക്കുമോ അതെല്ലാം വളരെ മികവോടെ തന്നെ അവതരിപ്പിക്കാൻ വേണുവിനു സാധിച്ചു എന്ന് നിസ്സംശയം പറയാം. പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു കഥ അഭ്രപാളിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ പ്രേക്ഷകന് സ്ക്രീനിൽ സാധാരണ അനുഭവപ്പെടുമായിരുന്ന നിറം മങ്ങലോ ക്യമറാ ഗിമ്മിക്കുകളോ ഒന്നും തന്നെ ഈ സിനിമയിൽ അനുഭവപ്പെടാത്ത വിധമാണ് സംവിധായകനും ഛായാഗ്രാഹകനും സിനിമയെ മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്. അതുകൊണ്ട് തന്നെ കഥാ സാഹചര്യത്തിന് അനുയോജ്യമായ പ്രകൃതി ദൃശ്യങ്ങളും മറ്റു ഔട്ട്‌ ഡോർ സീനുകളും ദൃശ്യചാരുതയോടെ അനുഭവവേദ്യമാക്കുന്നതിൽ സിനിമക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളിയും നേരിടേണ്ടി വന്നില്ല. 1928 കാലഘട്ടമാണ് ആദ്യ പകുതിയിൽ കാണിക്കുന്നത്. രണ്ടാം പകുതി തുടങ്ങുന്നത് 1966 കാലഘട്ടത്തിൽ നിന്നുമാണ്. ഇവിടെല്ലാം ഒരു കലാ സംവിധായകന്റെ ചുമതല കണ്ടറിഞ്ഞു ചെയ്യുന്നതിൽ സുരേഷ് കൊല്ലം വിജയിച്ചിട്ടുണ്ട്. മറ്റൊരു തരത്തിൽ പറയുമ്പോൾ, സിനിമയിലെ ഏറ്റവും നല്ല കോമ്പിനേഷൻ സംഭവിച്ചിരിക്കുന്നത് വേണുവിന്റെ ഛായാഗ്രഹണവും സുരേഷിന്റെ കലാ സംവിധാനവും ഒത്തു കൂടിയപ്പോഴാണ് .

സംഗീതത്തിന് ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒരു കഥയായിരുന്നു സെല്ലുലോയ്ഡിന്റേത്. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ കഥാ സാഹചര്യത്തിന് ഏറ്റവും അനുയോജ്യമാം വിധം വളരെ പ്രാധാന്യത്തോടെ തന്നെ എം ജയചന്ദ്രൻ സംഗീതത്തെ ഉപയോഗിച്ച് കാണാം. തന്റെ സകല സ്വത്തും പ്രതാപങ്ങളും നഷ്ട്ടപ്പെട്ടു മുഖ്യധാരാ സമൂഹത്തിൽ നിന്ന് മാറി ജീവിക്കാൻ തീരുമാനിച്ച ഡാനിയൽ കുടുംബത്തോടൊപ്പം അഗസ്ത്യപുരത്തേക്കു യാത്രയാകുന്ന സമയത്താണ് ‘കാറ്റേ .. കാറ്റേ’ എന്ന് തുടങ്ങുന്ന ഗാനം തുടങ്ങുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ ഈ ഗാനം ജി. ശ്രീറാമും വൈക്കം വിജയലക്ഷ്മിയും കൂടെ ആലപിച്ചിരിക്കുന്നത്‌ പഴയ കാലത്തെ പാട്ടുകളെ അനുസ്മരിപ്പിക്കും വിധമാണ്. ഗൃഹാതുരമായ ഈണവും ആലാപന ശബ്ദത്തിലെ വ്യത്യസ്തതയുമാണ് ഈ ഗാനത്തെ സിനിമയിൽ ആകർഷണീയമാക്കിയത്. അതേസമയം ഈ ഗാനത്തെക്കാൾ കൂടുതൽ സ്ഥാനം സിനിമയിൽ നൽകപ്പെടുന്നത് അല്ലെങ്കിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി സിതാര കൃഷ്ണകുമാർ ആലപിച്ച ‘ഏനുണ്ടോടി അമ്പിളി ചന്തം ‘ എന്ന ഗാനത്തിനാണ്. തിരുവിതാം കൂറിന്റെ ആദ്യ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം കിട്ടുന്ന റോസി ആദ്യം ചിന്തിക്കുന്നത് അവളുടെ സൌന്ദര്യത്തെ കുറിച്ചാണ്. സിനിമയിലൊക്കെ അഭിനയിക്കാൻ ഒരുപാട് സൌന്ദര്യം വേണമല്ലോ, തനിക്കത്രക്ക് സൌന്ദര്യമുണ്ടോ എന്ന് കൂട്ടുകാരിയോട് സംശയത്തോടെ ചോദിക്കുന്നിടത്ത് നിന്നാണ് ‘ഏനുണ്ടോടി അമ്പിളി ചന്തം’ എന്ന ഗാനം തുടങ്ങുന്നത്. ഒരു ദളിത്‌ സ്ത്രീയായ റോസിയുടെ നിഷ്ക്കളങ്കമായ മനോവ്യാപാരമാണ് ഈ ഗാനത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. അവൾ അത് പങ്കുവെക്കുന്നതാകട്ടെ പ്രകൃതിയോടും. ഈ പാട്ടിലെ ഓരോ വരിയിലും പ്രകൃതിയും അവളുമായുള്ള ആശയവിനിമയം പ്രകടമാണ്.

നേരത്തേസൂചിപ്പിച്ച പോലെ സിനിമ എന്നത് സകലകലകളുടെയും സംഗമ വേദിയാണ്. അവിടെ ഓരോ കലയ്ക്കും അതിന്റേതായ സ്ഥാനമുണ്ട്. ഈ സിനിമയുടെ എഡിറ്റിങ്ങിനും അതുപോലെ അവകാശപ്പെടാൻ ഒരു സ്ഥാനമുണ്ട്. മികച്ച എഡിറ്റിംഗ് എന്ന് പറയാൻ മാത്രം ഒന്നുമില്ല എങ്കിലും രാജഗോപാലിന്റെ കത്രിക ശരിയായ ദിശയിൽ തന്നെയാണ് ചലിച്ചിരിക്കുന്നത് എന്ന് പറയാം. അതുകൊണ്ട് തന്നെ കത്രികയുടെ അവസരോചിതമായ ഇടപെടലുകൾ സിനിമയിൽ ആവശ്യമായ ആകാംക്ഷ നിലനിർത്താൻ സഹായിച്ചിട്ടുമുണ്ട്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന കത്തിയെരിയുന്ന ഫിലിം എന്തായിരുന്നു എന്ന് കഥാവസാനം മാത്രമാണ് സിനിമ വെളിപ്പെടുത്തുന്നത്. ആദ്യ പകുതിയിൽ ഡാനിയൽ സിനിമ നിർമിച്ചതും അതിന്റെ പ്രദർശനം തടയപ്പെടുന്നതും മാത്രമാണ് കാണിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്ന സൂചന നൽകപ്പെടുന്നത് ഇടവേളയ്ക്കു ശേഷം ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ രംഗ പ്രവേശത്തോടെയാണ്. ഹാരിസ് ഡാനിയലിന്റെ രംഗ പ്രവേശവും അനുബന്ധ സംഭാഷണങ്ങളും സിനിമയുടെ അവസാന ഭാഗത്തേക്ക് വെട്ടി മാറ്റിയത് ഉചിതമായ തീരുമാനമാണ്. ഇതല്ലാത്ത മറ്റൊരു രീതിയിൽ കത്രിക ചലിപ്പിക്കാൻ രാജഗോപാൽ തയ്യാറായിരുന്നെങ്കിൽ പ്രേക്ഷകന് ഹാരിസ് ഡാനിയൽ എന്ന കഥാപാത്രത്തെ ആദ്യമേ പരിചയപ്പെടേണ്ടി വന്നേനെ. തന്മൂലം ആ കഥാപാത്രത്തിനു സിനിമയുടെ അവസാനത്തിൽ ഇത്ര കണ്ടു സജീവമായി ഇടപടാനും സാധിക്കുമായിരുന്നില്ല. ആ തലത്തിൽ നോക്കുമ്പോൾ രാജഗോപാലിന്റെ കത്രിക മികച്ച ഒരു തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് പറയാം.

സിനിമയിലെ ഏറ്റവും മികച്ച സീനുകളും ഷോട്ടുകളും ഏതെന്നു ചോദിച്ചാൽ ചൂണ്ടി കാണിക്കാൻ ഒരുപാടുണ്ടായിരിക്കാം. പക്ഷേ മനസ്സിൽ ആഴത്തിൽ തങ്ങി നിൽക്കുന്ന ചില രംഗങ്ങൾ ഉണ്ട്.

  1. തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ആദ്യ സിനിമ, അതും താൻ നായികയായി അഭിനയിച്ച സിനിമ. ആ സിനിമ ആദ്യ ഷോയിൽത്തന്നെ കാണണം എന്ന് ആഗ്രഹിച്ചു വരുന്ന റോസി തിയേറ്ററിനു മുന്നിൽ പ്രവേശനം കാത്തു നിൽക്കുകയാണ്. സവർണന്റെ മേൽക്കോയ്മ എല്ലായിടത്തും പ്രകടമാണ്. അത് തിയേറ്ററിൽ ഒന്നിച്ചിരുന്നു സിനിമ കാണുന്നിടത്തു പോലും പാലിക്കണം എന്ന് നിഷ്ക്കർഷിക്കപ്പെടുമ്പോൾ അവളുടെ മുഖം വാടുന്നു . സിനിമ കാണാൻ സാധിച്ചില്ല എന്ന് മാത്രമല്ല, ദളിത്‌ സ്ത്രീയായ അവൾ നായർ സ്ത്രീയുടെ വേഷം അഭിനയിച്ചു എന്ന കുറ്റത്തിന് ജാതി ഭ്രാന്ത്‌ മൂത്ത ചില നരാധമന്മാർ അവളുടെ മേൽ ചാടി വീഴുന്നു. ഭയചികിതയായ അവൾ സമൂഹത്തിൽ നിന്നും ഇരുട്ടിലേക്ക് ഓടി മറയുകയാണ്. രംഗം മുഴുവൻ ഇരുട്ടിലാകുന്നു എങ്കിലും നമ്മുടെയെല്ലാം മനസ്സിൽ നിന്നും അവൾ മാഞ്ഞു പോകുന്നുമില്ല.
  2. ഡാനിയലിന് തീരെ വയ്യാതായിരിക്കുന്നു. ശ്വാസഗതിയിലും സംസാരത്തിലും അത് പ്രകടമാണ്. കട്ടിലിൽ അവശ നിലയിൽ കിടക്കുന്ന അയാൾ ഭാര്യയായ ജാനറ്റിനോട് എന്തൊക്കെയോ അവ്യക്തമായി പറയുന്നുണ്ട്. മുറിയിലെ ചുമരിൽ ഒരു ജനലാകൃതിയിൽ നിലാവെളിച്ചമുണ്ട്. ആ വെളിച്ചത്തിൽ എന്തൊക്കെയോ നിഴലുകൾ ആടുന്നുണ്ട്. ജാനറ്റിനോട് സംസാരിക്കുമ്പോഴും അതിലേക്കാണ് അയാളുടെ നോട്ടം. ജനാലക്കരികിൽ നിൽക്കുന്ന ഏതോ ചെടിയുടെ ഉണങ്ങിയ ശിഖരങ്ങളുടെതായിരിക്കാം ആ നിഴലുകൾ. നിഴലുകൾ ആടുന്ന സമയത്ത് പശ്ചാത്തലത്തിൽ കരിയിലകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കാം. ആ നിഴലുകളുടെ ചലനം അയാളെ ഓർമപ്പെടുത്തുന്നത് വിഗതകുമാരനെയാണ്. സ്ക്രീനിൽ സിനിമ കാണുന്ന കൌതുകത്തോടെ അയാൾ അത് ജാനറ്റിനോട് പറയുന്നു. അത് വിഗതകുമാരനല്ലേ എന്ന് ചോദിക്കുന്ന സമയം നിഴലുകൾ കരിയില ശബ്ദം ഉണ്ടാക്കി കൊണ്ട് വേഗത്തിൽ ആടുകയാണ്. ഡാനിയലിന്റെ ശ്വാസഗതിയും അത് പോലെ വേഗത്തിലാകുന്നു. പിന്നെ പെട്ടെന്ന് നിലക്കുന്നു. ആ സമയം കരിയിലകളുടെ ശബ്ദവും നിഴലുകളുടെ ആട്ടവും നിലക്കുകയാണ്. മരണത്തിന്റെ നിഴലുകളിൽ വരെ സിനിമയെ കാണാൻ സാധിച്ച ഡാനിയലിന്റെ ജീവിത കഥ അവിടെ അവസാനിക്കുന്നു. ചരിത്രം തുടങ്ങുകയും ചെയ്യുന്നു.

വിഗതകുമാരന്റെയും മലയാള സിനിമയുടെയും പിതാവായ ജെ. സി. ഡാനിയലിന് വളരെ വൈകിയ വേളയിലെങ്കിലും ഒരു സിനിമയിലൂടെ കൊടുക്കുന്ന പൂർണ ആദരവും സമർപ്പണവും കൂടിയാണ് കമലിന്റെ സെല്ലുലോയ്ഡ് എന്ന് പറയാതെ വയ്യ. ആ അർത്ഥത്തിൽ, മലയാള സിനിമാ ചരിത്രത്തെ തികഞ്ഞ ആത്മാർത്ഥതയോടെ, അതിന്റേതായ മികവോടെ അഭ്രപാളിയിൽ ആവിഷ്ക്കരിക്കുകയും, അതോടൊപ്പം ഈ സിനിമ നിർമ്മിക്കുന്നതിനും കൂടി സന്മനസ്സ് കാണിക്കുകയും ചെയ്ത കമൽ തന്നെയാണ് മലയാള സിനിമയുടെ എന്നെന്നത്തെയും ചരിത്രകാരൻ.

Originally Published in സിനിമാ വിചാരണ