ചാവേർ’ റിലീസ് ഒക്ടോബർ അഞ്ചിന്

0

മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ടിനു പാപ്പച്ചൻ ചിത്രം ‘ചാവേറിന്റെ’ റിലീസ് തിയതി നീട്ടി. ചിത്രം ഒക്ടോബർ അഞ്ചിന് തിയറ്ററുകളിലെത്തും. നിർമാതാക്കൾ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കുഞ്ചാക്കോ ബോബൻ, ആന്റണി വര്‍ഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്. സിനിമയുടെ ട്രെയിലറും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതുവരെ നാൽപത് ലക്ഷം ആളുകൾ ട്രെയിലർ കണ്ടു കഴിഞ്ഞു.

ജീവനെപോലെ വിശ്വസിക്കുന്ന പാർട്ടിക്കുവേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടെയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിങ്ങനെ തന്റെ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്.

ആ പ്രതീക്ഷകളെ വെറുതെയാക്കില്ല എന്ന് തന്നെയാണ് ട്രെയ്‌ലർ നൽകുന്ന ഉറപ്പും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ സിനിമയിലെത്തുന്നു. മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.

നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചൻ ജീവൻ പകർന്നിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുൻനിർത്തി ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ: അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പിആർഓ: ഹെയിൻസ്, ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.