തമിഴ്നാട്ടിൽ കനത്ത മഴ: 14 മരണം

0

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം വൈകിട്ട് ആറുമണിയോടെ കരയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടില്‍ പരക്കെ മഴയും കാറ്റും തുടരുകയാണ്. മഴക്കെടുതിയില്‍ മരണം പതിനാലായി. ചെന്നൈ അടക്കം എട്ടുജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യോഗം ഉന്നതതല യോഗം വിളിച്ചു.

വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളം കയറി. നൂറിലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.അഞ്ച് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ ചെന്നൈ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ മുന്നൂറിലധികം വീടുകള്‍ തകര്‍ന്നു. വ്യാപകമായ കൃഷിനാശവും ഉണ്ടായി. വൈകിട്ട് ആറുവരെ ചെന്നൈ വിമാനത്താവളം താത്ക്കാലികമായി അടച്ചു. യാത്രക്കാരുടെ സുരക്ഷയും ശക്തമായ കാറ്റിന്റെ സ്ഥിതിയും കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
വടക്കന്‍ ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വില്ലുപുരം, കടലൂര്‍ ജില്ലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയാണ്. ഏഴ് പ്രധാന റോഡുകളും 11 സബ് വേകളും അടച്ചു. ട്രെയിനുകളും വൈകുന്നുണ്ട്.

കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കൊല്ലം, കോട്ടയം, ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ജനവാസ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.