കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം രണ്ടായി

0

റിയാദ്: സൗദി പടിഞ്ഞാറന്‍ മേഖലയിലെ റാബിഖില്‍ ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തെയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മലപ്പുറം പുകയൂര്‍ സ്വദേശി അബ്ദുല്‍ റഊഫ് കൊളക്കാടനാണ് (37) മരിച്ചത്. ഇദ്ദേഹം എട്ട് വര്‍ഷത്തോളമായി ശറഫിയയിലെ മൗലവി ജനറല്‍ സര്‍വിസില്‍ ജീവനക്കാരനായിരുന്നു.

പിതാവ്: കുഞ്ഞീതു മുസ്ലിയാര്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മൂന്ന് മക്കളുണ്ട്. അപകടത്തില്‍ മലപ്പുറം തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ റിഷാദ് അലി സംഭവം ദിവസം തന്നെ മരിച്ചിരുന്നു. റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന ചേരുംകുഴിയില്‍, വട്ടിപ്പറമ്പത്ത് റംലത്ത് എന്നിവര്‍ പരിക്കുകളോടെ ജിദ്ദ നോര്‍ത്ത് അബ്ഹൂര്‍ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലും മുഹമ്മദ് ബിന്‍സ് റാബിഖ് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. റിഷാദ് അലിയുടെ മൂന്നര വയസ്സായ മകള്‍ അയ്മിന്‍ റോഹ, റിന്‍സില എന്നിവരെ റാബിഖ് ജനറല്‍ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വിട്ടയച്ചിട്ടുണ്ട്. മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഞായറാഴ്ച രാത്രി 7.30 ഓടെ റാബിഖില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.