സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേരും വയനാട്ടില്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് പേരും വയനാട്ടിലുള്ളവരാണ്. സമ്പര്‍ക്കം മൂലമാണ് മൂവര്‍ക്കും രോഗബാധയുണ്ടായത്.

കഴിഞ്ഞദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇദ്ദേഹത്തിൻ്റെ സഹായിയായി പോയ ക്ലീനറുടെ മകനുമാണ് ഇപ്പോൾ രോ​ഗം വന്നിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ പോയി വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പാളിച്ചകൾ വന്നാലുണ്ടാവുന്ന അപകടമാണ് ഇതിലൂടെ കാണിക്കുന്നത്.

ഇന്ന് സംസ്ഥാനത്ത് ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല. ഇതുവരെ 502 കേസുകൾ റിപ്പോർട്ട് ചെയ്തു. 37 പേർ നിലവിൽ ചികിത്സയിലുണ്ട്. 21342 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21034 പേർ വീടുകളിലും 308 പേർ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. 33800 സാംപിളുകൾ ഇതുവരെ പരിശോേധനയ്ക്ക് അയച്ചു. 33605 എണ്ണം നെ​ഗറ്റീവാണ്. 1024 ടെസ്റ്റ് ഇന്ന് നടത്തി.

സാമൂഹികവ്യാപന പരിശോധനയുടെ ഭാ​ഗമായി മുൻ​ഗണനാപട്ടികയിൽപ്പെട്ട 2512 സാംപിളുകൾ പരിശോധിച്ചതിൽ 1979 എണ്ണം നെ​ഗറ്റീവാണ്. ഇന്ന് പുതുതായി ഒരു സ്ഥലവും ഹോട്ട്സ്പോട്ടിൽ ഇല്ല. കണ്ണൂർ 18, കോട്ടയം 6, വയനാട് 4, കൊല്ലം 3, കാസ‍ർകോട് 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒരോരുത്തർ വീതം ഇങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.