വിക്രം ചിത്രം കോബ്ര ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും

0

സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം കോബ്ര ഓഗസ്റ്റ് 11-ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്‍റെ കേരളാ വിതരണാവകാശം ഇഫാർ മീഡിയയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇഫാർ മീഡിയ ആദ്യമായാണ് ചിയാൻ വിക്രം നായകനായി എത്തുന്ന ഒരു ചിത്രവുമായി സഹകരിക്കുന്നത്.

വിക്രം വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ ആർ. അജയ് ജ്ഞാനമുത്തുവാണ്.

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ കെജിഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തിൽ എത്തുന്നത്. ഇന്ത്യൻ ക്രിക്കറ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നുവെന്ന പ്രത്യേകതയും കോബ്രയ്ക്കുണ്ട്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ ഭുവൻ ശ്രീനിവാസനാണ്.