സിംഗപ്പൂര്‍ മുന്‍ വിദേശകാര്യമന്ത്രി നളന്ദ യൂണിവേഴ്സിറ്റി ചാന്‍സലര്‍

0
 
നളന്ദ രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ ചാന്‍സലറായി സിംഗപ്പൂര്‍ മുന്‍ വിദേശകാര്യമന്ത്രി ജോര്‍ജ് യിയോയെ നിയമിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2004 മുതല്‍ 2011 വരെ സിംഗപ്പൂരിന്‍റെ വിദേശകാര്യമന്ത്രി ആയിരുന്ന അദ്ദേഹം തന്‍റെ മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് അന്താരാഷ്ട്രപ്രശംസ നേടിയിരുന്നു. കേംബ്രിഡ്ജ് യൂണിവേര്‍സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്.
 
യൂണിവേഴ്സിറ്റിയുടെ ദൈനംദിനകാര്യങ്ങളില്‍ കേന്ദ്രസർക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് നളന്ദ യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ സ്ഥാനം രണ്ടാം വട്ടവും ഏറ്റെടുക്കുന്നതില്‍ നിന്ന് നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്‍ പിന്‍മാറിയിരുന്നു. വിദേശ ധനസഹായത്തോടെ സ്വതന്ത്ര രാജ്യാന്തര യൂണിവേഴ്സിറ്റിയായാണ്‌ നളന്ദ പ്രവര്‍ത്തിക്കുന്നത് . ഇതിനായി ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്ന രാഷ്ട്രങ്ങളിലൊന്ന് സിംഗപ്പൂരാണ്. 2014 ല്‍ ആണ് നളന്ദയില്‍ അധ്യാപനം ആരംഭിച്ചത്.  
 
പുരാതന ഇന്ത്യയിലെ അതിപ്രശസ്തമായ റെസിഡെന്‍ഷ്യല്‌ സര്‍വകലാശാലയായിരുന്നു നളന്ദ. ബിഹാറിന്റെതലസ്ഥാനമായ പാറ്റ്നക്കു അടുത്തായാണ്‌ ഇത് സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തന്‍ പണി കഴിപ്പിച്ചു എന്ന് ചരിത്രരഖകളില്‍ പറയപ്പെടുന്ന ഇവിടെ ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഉണ്ടായിരുന്നു. 427 മുതല്‍ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവര്‍ത്തിച്ചിരുന്നു.
 
സിംഗപ്പൂരിനെ കൂടാതെ മറ്റു ആസിയാന്‍ രാഷ്ട്രങ്ങളും ചൈന, ജപ്പാന്‍ തുടങ്ങിയവയും നളന്ദയെ പുനര്‍ജനിപ്പിക്കാനുള്ള ശ്രമത്തില്‍ സജീവ പങ്കാളികളായിരുന്നു. 2009-ല്‍ തായ്ലാന്‍ഡില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ആണ് പുനരുദ്ധാരണതീരുമാനം പ്രഖ്യാപിച്ചത്.
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.