‘ആശ്രിത നിയമനത്തിൽ നിയന്ത്രണം, എല്ലാ ദിവസവും 15 മിനിറ്റ് അധികം ജോലി’; നിർദേശങ്ങൾ തള്ളി സർവ്വീസ് സംഘടനകൾ

0

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കലിൽ പൂർണ എതിർപ്പ് പ്രകടിപ്പിച്ച് മുഴുവൻ സർവീസ് സംഘടനകളും രംഗത്ത്. ഈ വിഷയം ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ എന്‍ജിഐ യൂണിയൻ ഒഴികെ ഉള്ള എല്ലാ സംഘടനകളും എതിർപ്പ് രേഖപ്പെടുത്തി. ഇതുവരെ ഉണ്ടായിരുന്ന ആശ്രിത നിയമനം തുടരണമെന്നാണ് ഇടത് അനുകൂല സംഘടനകളടക്കം ആവശ്യപ്പെട്ടത്. നിർദേശങ്ങൾ രേഖമൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു.

4-ാം ശനി അവധിയാക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തെയും സംഘടനകൾ എതിർത്തു. ഉപാധി രഹിത അവധി എന്നത് മാറ്റി എന്നാണ് ഉയർന്ന വിമർശനം. ഓരോ ദിവസവും 15 മിനിറ്റ് അധികം ജോലി ചെയ്യണം വർഷത്തിൽ 5 ക്യാഷ്വൽ ലീവ് കുറക്കും എന്നീ ഉപാധികൾ അംഗീകരിക്കില്ലെന്നായിരുന്നു സർവീസ് സംഘടനകളുടെ നിലപാട്. ഇതോടെ യോഗം തീരുമാനമാവാതെ പിരിഞ്ഞു.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാൾക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാം. ഇതിനായി സമ്മതപത്രം കൊടുത്താല്‍ മാത്രം നിയമനം നല്‍കിയാല്‍ മതിയെന്നായിരുന്നു സർക്കാർ മുന്നോട്ടുവച്ച നിര്‍ദേശം. അവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനായിരുന്നു സർക്കാർ ആലോചിച്ചിരുന്നത്. ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ പത്തുലക്ഷം രൂപ ആശ്രിത ധനം നല്‍കാനും തുടർന്ന് ഈ അവസരം പിഎസിക്ക് വിട്ടു നൽകാനുള്ള നിലപാടിലായിരുന്നു സർക്കാർ.

ആശ്രിത ധനം കൈപ്പറ്റി കഴിഞ്ഞാൽ ഇവര്‍ക്ക് പിന്നീട് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരുന്നവയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശവുമായി സർക്കാർ മുന്നോട്ടെത്തിയത്.