ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമിക്കാം; തയ്യൽ ക്ലാസുമായി ഇന്ദ്രൻസ്

0

കോവിഡിനെ തുരത്തിയോടിക്കാനുള്ള ഏറ്റവും മികച്ച ആയുധങ്ങളായി ആളുകൾ തിരയുന്നത് ഫെയ്സ് മാസ്കുകളും സാനിറ്റൈസറുമാണ്. കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നുമുണ്ട്. രോഗവ്യാപനം വർധിച്ചതോടെ മാസ്കുകൾ കിട്ടാതെയായി. ഇതോടെ സ്വന്തമായി ഇവ നിർച്ചെടുക്കാം എന്ന ആശയമാണ് ഉയരുന്നത്. സര്‍ക്കാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി നടന്‍ ഇന്ദ്രന്‍സും മാസ്‌ക് നിര്‍മാണം പരിശീലിപ്പിക്കാൻ തയ്യാറായിരിക്കുകയാണ്. പൂജപ്പുര സെൻട്രൽ ജയിലിലെ ടെയ്‌ലറിങ് യൂണിറ്റില്‍ തയ്യലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഫെയ്‌സ് മാസ്‌ക് എങ്ങനെ നിര്‍മ്മിക്കാമെന്നു പഠിപ്പിച്ചുകൊടുക്കുകയാണ് നടന്‍. കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഇന്ദ്രന്‍സിന്റെ ഈ വീഡിയോ സിനിമാതാരങ്ങളടക്കം ഷെയര്‍ ചെയ്തതോടെ സോഷ്യല്‍മീഡിയയില്‍ വൈറലായി.

കോട്ടൺ തുണിയും നോൺ വൂവൺ ഫാബ്രിക്കും ഉപയോഗിച്ച് മാസ്ക് നിർമിക്കുന്ന രീതിയാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്. കോട്ടൺ തുണിക്കകത്ത് നോൺ വൂവൺ ഫാബ്രിക്ക് ഉപയോഗിക്കുമ്പോൾ കൂടുതൽ സംരക്ഷണം കിട്ടുമെന്നാണ് കരുതുന്നത്.

എട്ടിഞ്ച് വീതിയിലും നീളത്തിലും തുണിയെടുത്ത് അത് എങ്ങനെ തയിച്ചെടുക്കണമെന്നും നാല് വശത്തും നാട പിടിപ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമായിത്തന്നെ താരം കാണിക്കുന്നുണ്ട്. നാടയ്ക്ക് പകരം ഇലാസ്റ്റിക്കും ഉപയോഗിക്കാം എന്നദ്ദേഹം പറയുന്നു. ഇതിനോടൊപ്പം മൂക്കിന്‍റെ ഭാഗം പിടിച്ചിരിക്കാനും ചില മാർഗങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.