രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഏഴുലക്ഷം കടന്നു; 24 മണിക്കൂറിനിടെ 467 മരണം

0

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 7,19,665 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 7,19,665 ആയി. 467 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 20,160 ആയി. നിലവിൽ 2,59,557 പേർ ചികിത്സയിലാണ്. ഇതുവരെ 4,39,948 പേർ രോഗമുക്തരായി.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയില്‍ ഇതുവരെ 2,11,987 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,14,978 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 66,571 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,836 സജീവ കേസുകളും സംസ്ഥാനത്തുണ്ട്. തമിഴ്‌നാട്ടില്‍ ഇതുവരെ 1,571 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

ഡൽഹിയിൽ രോഗബാധിതർ ഒരു ലക്ഷം കടന്നു. കർണ്ണാടക, തെലങ്കാന, ഉത്തർ‍പ്രദേശ് എന്നിവിടങ്ങളിൽ സ്ഥിതി മോശമാകുകയാണ്. കർണ്ണാടകത്തിലും തെലങ്കാനയിലും ആകെ രോഗികളുടെ എണ്ണം ഇരുപത്തിഅയ്യായിരം കടന്നു.